ഇടുക്കി-കട്ടപ്പനയില്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് പെണ്‍കുട്ടി. മൂലമറ്റം എസ്എച്ച്ഇഎം എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി അല്‍ന ബിജുവാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്.
എ. ശാന്തകുമാര്‍ രചിച്ച് ലുക്മാന്‍ മൊറയൂര്‍ സംവിധാനം ചെയ്ത 'ഒരു ജിബ്രീഷ് കിനാവ്' എന്ന നാടകത്തില്‍ സ്ത്രീകളടക്കമുള്ള പാവങ്ങളെ ചൂഷണം ചെയ്യുന്ന ജന്മിയായ കുള്ളന്‍ കുമാരന്‍ എന്ന പുരുഷകഥാപാത്രത്തെയാണ് അല്‍ന അവതരിപ്പിച്ചത്. പ്രതിനായകനായ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവഭേദങ്ങളെ സ്വാഭാവികമായും തന്മയത്തത്തോടെയും അവതരിപ്പിച്ചതാണ് അല്‍നയെ മികച്ച നടനാക്കിയത്.അറക്കുളം പാലക്കാട്ട്കുന്നേല്‍ ബിജു ജോര്‍ജിന്റെയും സിനിയുടെയും മകളാണ്.
കലോത്സവത്തില്‍ തൊടുപുഴ ഉപജില്ല കിരീടത്തിനരികെ. 772 പോയിന്റുകള്‍ നേടിയാണ് തൊടുപുഴ കിരീടത്തിലേക്ക് അടുക്കുന്നത്. 686 പോയിന്റുമായി കട്ടപ്പന ഉപജില്ലയാണ് രണ്ടാമത്. അടിമാലിയെ പിന്തള്ളി നെടുങ്കണ്ടം മൂന്നാം ദിനം മൂന്നാം സ്ഥാനത്തെത്തി.
പ്രധാന വേദിയില്‍ നടന്ന മോഹിനിയാട്ട മത്സര ഫലത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.വിധി നിര്‍ണയം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയുടെ സഹോദരന്‍ ജഡ്ജസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കാരണത്താല്‍ വരും മത്സരങ്ങളില്‍ നിന്ന് കുട്ടിയെ ഡീ ബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രക്ഷിതാവില്‍ നിന്ന് മാപ്പപേക്ഷ എഴുതി വാങ്ങിയത് വിവാദമായി. ജഡ്ജസിന്റെ പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി. ഒരു നൃത്താധ്യാപകന്‍ പരിശീലിപ്പിച്ച കുട്ടികള്‍ക്ക് മാത്രം സമ്മാനം നല്‍കുന്നു എന്നായിരുന്നു പരാതി.