Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ തര്‍ക്കം രൂക്ഷം,  വസുന്ധരയെ ദല്‍ഹിക്ക് വിളിപ്പിച്ചു

ന്യൂദല്‍ഹി- രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതാക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കെ, രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായി ശക്തമായി രംഗത്തുള്ള വസുന്ധര രാജെ സിന്ധ്യ ദല്‍ഹിയിലെത്തി. 
മുന്‍ മുഖ്യമന്ത്രി കൂടിയായ വസുന്ധരയെ കേന്ദ്ര നേതൃത്വം ദല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നെന്നാണ് സൂചന. എംഎല്‍എമാരുടെ പിന്തുണയില്‍ ശക്തിപ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു വസുന്ധരയെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്രമന്ത്രി അമിത് ഷായും വസുന്ധരയുമായി ചര്‍ച്ച നടത്തിയേക്കും. മൂന്നു സംസ്ഥാനങ്ങളിലും പുതിയ മുഖങ്ങളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനില്‍ വസുന്ധരയെ കൂടാതെ  ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അര്‍ജുന്‍ റാം മേഘ്വാള്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷി, എംപിമാരായ ദിയാ കുമാരി, മഹന്ത് ബാലക്നാഥ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. മധ്യപ്രദേശില്‍, നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പുറമെ കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍, മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ഛത്തീസ്ഗഢില്‍ മുന്‍മുഖ്യമന്ത്രി ഡോ. രമണ്‍സിങിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ കുമാര്‍ സാവോ, മുന്‍ പ്രതിപക്ഷ നേതാവ് ധര്‍മലാല്‍ കൗശിക്, മുന്‍ ഐഎഎസ് ഓഫീസര്‍ ഒപി ചൗധരി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു.

Latest News