ന്യൂദല്‍ഹി- ദല്‍ഹി മെട്രോയില്‍ നിന്നുമുള്ള മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഘര്‍ കെ കലേഷ് ആണ് വീഡിയോ എക്സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സീറ്റിന് വേണ്ടി രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് പൊരിഞ്ഞ തല്ലുണ്ടാക്കുന്നതാണ് വീഡിയോയില്‍. രണ്ടുപേരും പരസ്പരം തല്ലുകളും ഇടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അതേസമയം യാത്രക്കാരില്‍ ചിലര്‍ ഇരുവരേയും സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും അതൊന്നും യാതൊരു തരത്തിലും ഫലം ചെയ്യുന്നില്ല. വീഡിയോ വൈറലായതോടെ മെട്രോയില്‍ യാത്ര ചെയ്യുന്ന ആളുകളുടെ സുരക്ഷയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്.
'ദല്‍ഹി മെട്രോയിലെ ഒരു സാധാരണ ദിവസം. ഞാന്‍ ദല്‍ഹി മെട്രോ ഇഷ്ടപ്പെടാന്‍ കാരണം' എന്ന് വീഡിയോയില്‍ എഴുതിയിരിക്കുന്നത് കാണാം. 'സീറ്റിന് വേണ്ടി മെട്രോയില്‍ രണ്ടുപേര്‍ തല്ലുന്നുണ്ടാക്കുന്നു' എന്ന് വീഡിയോയുടെ കാപ്ഷനിലും കുറിച്ചിട്ടുണ്ട്. രണ്ടുപേരും അടികൂടുന്നത് വളരെ വ്യക്തമായി തന്നെ വീഡിയോയില്‍ കാണാം. അതും ചെറിയ അടിയൊന്നുമല്ല രണ്ടുപേരും ഉണ്ടാക്കുന്നത്. നന്നായി വേദനിക്കും വിധം തന്നെയാണ് രണ്ട് പേരും അടികൂടുന്നത്.
വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധിപ്പേര്‍ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നല്‍കിയിട്ടുണ്ട്. അതേസമയം വളരെ ഗൗരവപൂര്‍ണമ്മായ ചര്‍ച്ചകളും വീഡിയോയെ കേന്ദ്രീകരിച്ച് നടന്നു. പലരും സുരക്ഷയെ കുറിച്ച് തന്നെയാണ് ചോദിച്ചത്.