ന്യൂദല്‍ഹി-ശുദ്ധമായ തേനാണെന്ന പേരില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ പഞ്ചസാര കലക്കിയ വെള്ളമാണ് വില്‍ക്കുന്നതെന്നും ഇത് തടയാന്‍ പരിശോധന നടത്താന്‍ ഉത്തരവിടണമെന്നുമാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി. ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജി ജസ്റ്റിസുമാരായ വിക്രംനാഥ്, രാജേഷ് ബിന്‍ഡാല്‍ എന്നിവരടങ്ങിയ ബഞ്ചാണ് തള്ളിയത്.
ഭരണഘടന അനുച്ഛേദം 32 പ്രകാരം സമര്‍പ്പിച്ച ഹരജിയില്‍ ഈ വിഷയം പരിശോധിക്കാന്‍ സാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. രാജ്യത്ത് വില്‍ക്കുന്ന ഭൂരിഭാഗം തേനും പഞ്ചസാര വെള്ളം കലര്‍ത്തിയതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതുമൂലം പഞ്ചസാരയുടെ ഉപയോഗം കൂടുകയും അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതു സംബന്ധിച്ച സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് റിപോര്‍ട്ടും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ശുദ്ധിപരിശോധനയെ മറികടക്കുന്നതിന് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക പഞ്ചസാരയും തേനില്‍ കലക്കിച്ചേര്‍ക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടിലുള്ളത്.