ന്യൂദൽഹി-നിർണായക കേസുകളിലെ സുപ്രീം കോടതി രജിസ്ട്രിയുടെ ഇടപെടലിനെതിരെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് തുറന്ന കത്തയച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ. സുപ്രീം കോടതി ചട്ടങ്ങളും കേസുകളുടെ ലിസ്റ്റിംഗ് നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന കൈപ്പുസ്തകവും ലംഘിച്ച് ചില ബഞ്ചുകൾ പരിഗണിക്കുന്ന പല കേസുകളും രജിസ്ട്രി മറ്റ് ബഞ്ചുകൾക്ക് മുമ്പാകെ ലിസ്റ്റ് ചെയ്തതായി കത്തിൽ ആരോപിക്കുന്നു. മനുഷ്യാവകാശങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനം, ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന ഹരജികളാണ് ഇത്തരത്തിൽ ബഞ്ച് മാറ്റുന്നതെന്നും ദുഷ്യന്ത് ദവെ വ്യക്തമാക്കി. ആദ്യ പട്ടികിയിൽ ഉൾപ്പെട്ടതും, നോട്ടീസുകൾ പുറപ്പെടുവിച്ചതുമായ നിരവധി കേസുകൾ ഇത്തരത്തിൽ ബഞ്ച് മാറ്റിയതായി തന്റെ വ്യക്തപരമായ പരിശോധനയിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ബാറിലെ മറ്റു അഭിഭാഷകർ, മുതിർന്ന അഡ്വക്കേറ്റ്‌സ് ഓൺ റെക്കോർഡ്‌സ് എന്നിവരും ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ബഞ്ച് മാറ്റപ്പെട്ട വിവിധ കേസുകൾ കത്തിൽ പരാമർശിക്കുകയും ചെയ്തു. ബഞ്ചുകൾ മാറ്റുന്നതും കേസുകൾ നൽകുന്നതും ഉൾപ്പെടെയുള്ള റോസ്റ്റർ അധികാരം ചീഫ് ജസ്റ്റിസിൽ മാത്രം നിക്ഷിപ്തമാണ്. എങ്കിലും ചീഫ് ജസ്റ്റിസിന് നടപടിക്രമം അനുസരിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. മാസ്റ്റർ ഓഫ് റോസ്റ്റർ എന്ന നിലയിൽ നിങ്ങൾ ഈ അധികാരം വിനിയോഗിച്ചിട്ടില്ല എന്നതിൽ തങ്ങൾക്ക് സംശയമില്ലെന്നും കത്തിൽ പറയുന്നു. ഇത്തരത്തിൽ ബഞ്ചുകൾ മാറ്റുന്ന സമ്പ്രദായം സുപ്രീംകോടതിക്ക് ഗുണകരമല്ലെന്നും അതിനാൽ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ചീഫ് ജസ്റ്റിസായുള്ള നിയമനം രാജ്യത്ത ജനങ്ങളുടെ മനസ്സിൽ ശക്തമായ പ്രതീക്ഷകൾ സൃഷ്ടിച്ചിരുന്നുവെന്നും കത്തിൽ ചൂണ്ടികാണിച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് നേരത്തെ കേട്ടിരുന്ന കേസുകൾ ജൂനിയറായ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ നേതൃത്വത്തിലുള്ള ബഞ്ചിലേക്ക് തെറ്റായി മാറ്റിയതായി ദുഷന്ത് ദവെ തുറന്ന കോടതിയിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കത്തയച്ചത്. സുപ്രീം കോടതി കൊളീജിയം ശിപർശ ചെയ്ത ജഡ്ജിമാരുടെ നിയമനം വിജ്ഞാപനം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തുള്ള കേസ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ ബഞ്ചിൽ നിന്ന് നീക്കം ചെയ്തതും വിവാദമായിരുന്നു. നീക്കം ചെയ്തതിൽ തനിക്ക് പങ്കില്ലെന്നും ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് എസ്.കെ കൗൾ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.