Sorry, you need to enable JavaScript to visit this website.

തെലങ്കാന മുഖ്യമന്ത്രി അഥവാ ടൈഗർ രേവന്ത് റെഡ്ഢി

ഹൈദരാബാദ്- തെലങ്കാന മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന രേവന്ത് റെഡ്ഢി തന്റെ ആരാധകർക്ക് 'ടൈഗർ രേവന്ത്' ആണ്. മികച്ച സമയം എത്തുന്നതുവരെ കാത്തിരുന്ന് ശരിയായ നിമിഷത്തിൽ ആക്രമിക്കുന്ന കടുവയുടെ രീതിയാണ് ടൈഗർ രേവന്ത് സ്വീകരിക്കുന്നത്. ആക്രമണത്തിന് വിധേയനാകുമ്പോൾ ശക്തമായി തിരിച്ചടിക്കുകയും വിജയം വരെ പോരാടുകയും ചെയ്യും. 2015 ജൂലൈ ഒന്നിന് ഒരു മാസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തുവന്ന റെഡ്ഢി തന്നെ ജയിലിൽ അടച്ച കെ.സി.ആറിന് എതിരെ പൊരുതുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു. നിങ്ങളുടെ അവസാനം വരും. എന്റെ സമയം വരും എന്നായിരുന്നു റെഡ്ഢിയുടെ വാക്കുകൾ. അന്ന് തുടങ്ങിയ പോരാട്ടമാണ് രേവന്ത് റെഡ്ഢിയെ രാജ്യത്ത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിൽ എത്തിക്കുന്നത്. ജയിലിൽ പോകേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും മുറിവേൽപ്പിച്ച സംഭവമായി റെഡ്ഢി പറഞ്ഞിരുന്നു. 2017-ൽ തെലങ്കാനയിലെ തെലുങ്കുദേശം പാർട്ടിയിൽ തനിക്ക് ഭാവിയില്ലെന്ന് ചന്ദ്രബാബു നായിഡുവിനോട് പറഞ്ഞാണ് റെഡ്ഢി കോൺഗ്രസിൽ ചേർന്നത്. 2021 ജൂണിൽ അദ്ദേഹം സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി. ഈ സ്ഥാനം നേടാൻ അദ്ദേഹം വലിയ കൈക്കൂലി നൽകിയെന്ന ആരോപണം ഉയർന്നിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് തുടച്ചുനീക്കപ്പെടുമെന്ന ഭീഷണി നിലനിൽക്കെയാണ് രേവന്ത് റെഡ്ഢി കോൺഗ്രസിന്റെ തലപ്പത്ത് എത്തുന്നത്. കെ.സി.ആറിനെയും ബി.ആർ.എസ് സർക്കാരിനെയും കടന്നാക്രമിച്ച് രേവന്ത് റെഡ്ഢി തന്റെ പിച്ച് തയ്യാറാക്കി. സഹപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളെ അദ്ദേഹം ചെറുത്തുതോൽപ്പിച്ചു. സ്ഥാനാർത്ഥി നിർണയ വേളയിൽ പോലും അദ്ദേഹം ടിക്കറ്റ് 'വിറ്റു' എന്ന ആരോപണമുണ്ടായിരുന്നു. 'റേറ്റ് എന്താ റെഡ്ഢി' എന്ന് വിളിച്ചാണ്  അദ്ദേഹത്തെ ബി.ആർ.എസ് പരിഹസിച്ചത്.  എല്ലാ വിമർശനങ്ങളും ഏറ്റുവാങ്ങി എതിരാളികളെ തെലങ്കാന രാഷ്ട്രീയത്തിൽനിന്ന് പുറത്താക്കാൻ റെഡ്ഢിക്ക് സാധിച്ചു. 
30-ാം വയസ്സിൽ, ഹൈദരാബാദിലെ സമ്പന്നരുടെയും പ്രശസ്തരുടെയും സംഘമായ ജൂബിലി ഹിൽസ് ഹൗസിംഗ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു.  താൻ ഒരു ദിവസം മുഖ്യമന്ത്രിയാകുമെന്ന് റെഡ്ഢി പ്രഖ്യാപിച്ചു. 2002-ൽ കെ.സി.ആറിന്റെ ടി.ആർ.എസിൽ ചേർന്നെങ്കിലും 2004ൽ കൽവകുർത്തി നിയമസഭാ സീറ്റിൽ മത്സരിക്കാൻ അവസരം ലഭിക്കാതെ വന്നതോടെ രാജിവച്ചു. 2006-ൽ രേവന്ത് റെഡ്ഢി ജില്ലാ പരിഷത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ രേവന്ത് റെഡ്ഢി വിജയിച്ചത് വൻ വാർത്തായിരുന്നു. തനിക്ക് എതിരെ മത്സരിക്കാൻ പത്രിക നൽകിയ എല്ലാവരെയും റെഡ്ഢി പിൻവലിപ്പിച്ചു. എന്നാൽ കോൺഗ്രസിലെ ജഗദീശ്വർ റെഡ്ഢി മാത്രം ഇതിന് തയ്യാറായില്ല. തുടർന്ന് ജഗദീശ്വർ റെഡ്ഢിയുടെ സമാന പേരുള്ള ഒൻപതു പേരെ സ്ഥാനാർത്ഥിയാക്കി നിർത്തി വോട്ടു വിഭജിച്ചു. തെരഞ്ഞെടുപ്പിൽ രേവന്ത് റെഡ്ഢി വിജയിക്കുകയും ചെയ്തു. ആ സമയത്ത് തന്നെ രേവന്ത് റെഡ്ഢിക്ക് കോൺഗ്രസിൽ ചേരാൻ ക്ഷണം ലഭിച്ചെങ്കിലും സ്വീകരിച്ചില്ല. 2009ൽ കൊടങ്കലിൽ മത്സരിക്കാൻ ചന്ദ്രബാബു നായിഡു അർധരാത്രിയാണ് രേവന്ത് റെഡ്ഡിക്ക് സീറ്റും പത്രിക സമർപ്പിക്കാനുള്ള ഫോമും നൽകിയത്. അവസാന ദിവസമായതിനാൽ പിറ്റേന്ന് രാവിലെ പോയി നാമനിർദേശ പത്രിക സമർപ്പിക്കാൻ നിയമസഭാ മണ്ഡലം എവിടെയാണെന്ന് കണ്ടെത്തേണ്ടി വന്നുവെന്ന് അദ്ദേഹം പറയുന്നു. എങ്കിലും ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. അഞ്ച് തവണ എം.എൽ.എയായ കോൺഗ്രസിന്റെ ഗുരുനാഥ് റെഡ്ഡിക്കെതിരെ 46 ശതമാനത്തിലധികം വോട്ടുകൾ നേടിയായിരുന്നു വിജയം. 2014ൽ അദ്ദേഹം തന്റെ ഭൂരിപക്ഷം ഇരട്ടിയാക്കി. 54 കാരനായ രേവന്ത് റെഡ്ഡി  രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള ആളല്ല. എന്നാൽ തനിക്ക് രാഷ്ട്രീയമായി അതിമോഹങ്ങളുണ്ടെന്നും ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും പറയാൻ മടിയുമില്ല. കാർഷിക കുടുംബത്തിൽ ജനിച്ച റെഡ്ഢി ഒസ്മാനിയ സർവകലാശാലയിൽ നിന്ന് വിഷ്വൽ ആർട്ട്‌സിൽ ബിരുദം നേടി.
ചെറുകിട ബിസിനസുകൾ, റിയൽ എസ്‌റ്റേറ്റ്, പ്രിന്റിംഗ് പ്രസ്സ് എന്നിവയുടെ നടത്തിപ്പുകാരനായിരുന്നു റെഡ്ഢി. ഈ സമയത്താണ് കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഢിയുടെ മരുമകൾ ഗീതയെ പരിചയപ്പെട്ടത്. നാഗാർജുനസാഗറിൽ ഒരു ബോട്ട് സവാരിക്കിടെയാണ് കണ്ടുമുട്ടിയത്. ഇരുവരും തമ്മിൽ പ്രണയത്തിലായെങ്കിലും കുടുംബം എതിർത്തു. എന്നാൽ എല്ലാ എതിർപ്പുകളെയും മറികടന്ന് ഇരുപത്തിമൂന്നാമത്തെ വയസിൽ റെഡ്ഢി ഗീതയെ വിവാഹം ചെയ്തു. ആർ.എസ്.എസിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി)യുമായുള്ള തന്റെ പ്രവർത്തനമാണ് രാഷ്ട്രീയത്തിലെ തന്റെ വിദ്യാർത്ഥി ദിനങ്ങൾ എന്ന് രേവന്ത് റെഡ്ഢി പറയുന്നു.  2001-02ലാണ് രേവന്ത് റെഡ്ഢി പുതിയ പാർട്ടിയായ ടി.ആർ.എസിൽ ചേർന്നത്. പിന്നീട് തെലുങ്ക് ദേശത്തേക്ക് മാറി. ഏറ്റവും ഒടുവിലാണ് കോൺഗ്രസിൽ ചേർന്നത്. ബി.ജെ.പിയും രേവന്ത് റെഡ്ഢിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ഓഫർ നിരസിച്ചു. 

Latest News