ന്യൂദൽഹി-സ്‌കൂൾ,കോളജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കു മരുന്നുകളുടെ ഉപയോഗം വർധിക്കുന്നുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി സുബാഷ് സർക്കാർ. സി.പി.ഐ അംഗം പി സന്തോഷ് കുമാർ ഉന്നയിച്ച ചോദ്യത്തിന് രേഖമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ലഹരി മുക്തവും ആരോഗ്യ പരവുമായ വിദ്യാഭ്യാസ അന്തരീക്ഷം ക്യാമ്പസുകളിൽ സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാദ്ധമാണ്. യു.ജി.സി ഇതിനായി കാലാകാലങ്ങളിൽ നിർദ്ദേശങ്ങളും ബോധവൽക്കരണത്തിനായി നടപടി ക്രമങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി മുക്ത പ്രതിജ്ഞ, പ്രവേശന സമയത്ത് ലഹരി വിരുദ്ധ പ്രഖ്യാപനം നടത്തുന്നത് ഉൾപ്പെടെ പഠന കാലത്ത് ലഹരിയിൽ നിന്ന് വിട്ടുനിൽക്കാൻ വിദ്യാർഥികൾക്ക് പ്രചോദനമാകുന്ന നടപടികൾ പ്രോത്സാഹിപ്പിക്കണം. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാമൂഹിക നീതി ശാക്തീകരണ വകുപ്പും സംയുക്തമായി അയച്ച കത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.