ന്യൂഡൽഹി - നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പത്ത് ബി.ജെ.പി എം.പിമാർ സ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ അടക്കമുള്ളവരാണ് രാജിവച്ചത്. പാർട്ടിയുടെ 12 എം.പിമാരാണ് എം.എൽ.എമാരായി വിജയിച്ചത്. ഇതിൽ കേന്ദ്രമന്ത്രി രേണുക സിംഗ്, മഹന്ത് ബാലകാന്ത് എന്നിവർ രാജിവച്ചിട്ടില്ല. ഇവരും ഉടനെ രാജിവയ്ക്കുമെന്നാണ് റിപോർട്ടുകൾ.
മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ബി.ജെ.പി എം.പിമാരാണ് രാജിവച്ചത്. രാജിവച്ച എം.പിമാർക്ക് സംസ്ഥാനങ്ങളിൽ പ്രധാന ചുമതലകൾ നൽകിയേക്കുമെന്നും പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നുമാണ് സൂചന.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ അധ്യക്ഷതയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിനു പിന്നാലെയാണ് എം.പിമാരുടെ രാജി. നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ എന്നിവർക്ക് പുറമെ മദ്ധ്യപ്രദേശിൽനിന്നുള്ള രാകേഷ് സിംഗ്, ഉദയ് പ്രതാപ്, റിതി പതക്, ഛത്തീസ്ഗഡിൽ നിന്നുള്ള അരുൺ സഹോ, ഗോമതി സായി, രാജസ്ഥാനിൽനിന്നുള്ള രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, കിരോടി ലാൽമീണ, ദിയ കുമാരി എന്നിവരാണ് രാജിവച്ചത്.
നരേന്ദ്ര സിങ് തോമറും പ്രഹ്ലാദ് പട്ടേലും എംപി സ്ഥാനത്തിന് പുറെ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവച്ചിട്ടുണ്ട്. കിരോടി ലാൽ മീണ മാത്രമാണ് രാജ്യസഭയിൽ നിന്നും രാജിവച്ചത്. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാനുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങൾക്കിടെയാണ് പാർട്ടി നിർദേശമനുസരിച്ചുള്ള എം.പിമാരുടെ രാജി. ഇതോട കേന്ദ്ര മന്ത്രിസഭാ പുനസംഘടനയടക്കം നടത്തി ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കൃത്യമായ നീക്കങ്ങളിലാണ് ബി.ജെ.പിയും മോഡി സർക്കാറുമെന്ന് വ്യക്തം.