Sorry, you need to enable JavaScript to visit this website.

വനിതാ ഡോക്ടറുടെ ആത്മഹത്യക്ക് കാരണം പണമില്ലാത്തതിനാല്‍ നിശ്ചയിച്ച വിവാഹം മുടങ്ങുമെന്ന മനോവിഷമം

തിരുവനന്തപുരം - തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടറുടെ ആത്മഹത്യക്ക് കാരണം പണമില്ലാത്തതിനാല്‍ നിശ്ചയിച്ച വിവാഹം മുടങ്ങുമെന്ന മനോവിഷമമാണെന്ന് ആരോപണവുമായി ബന്ധുക്കള്‍. അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചാണ് യുവ ഡോക്ടറായ വെഞ്ഞാറമ്മൂട് സ്വദേശിനി ഷഹ്ന  ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്‌ളാറ്റിലാണ് അബോധാവസ്ഥയില്‍ പി ജി വിദ്യാര്‍ത്ഥിനിയായ ഡോ. ഷഹ്നയെ കണ്ടെത്തിയത്. സഹപാഠികളാണ് അബോധവസ്ഥയില്‍ ഷഹ്ന കിടക്കുന്നത് പോലീസിനെ അറിയിച്ചത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ഒപ്പം പഠിക്കുന്ന സുഹൃത്തുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്നും ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനാല്‍ വിവാഹം മുടുങ്ങുന്ന സാഹചര്യമുണ്ടാക്കിയത് ഷെഹ്നയെ വിഷമിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. എല്ലാവര്‍ക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന്‍ മാത്രമാണുള്ളതെന്നും വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് പണം നല്‍കാനാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News