സോള്‍- രാജ്യത്തെ ജനനനിരക്കിലെ വന്‍ ഇടിവ് തടയാന്‍ സ്ത്രീകളോട് കൂടുതല്‍ പ്രസവിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര കൊറിയയുടെ പരമാധികാരി കിം ജോംഗ് ഉന്‍. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാഷണല്‍ മദേഴ്‌സ് മീറ്റിംഗിലായിരുന്നു കിം ഇക്കാര്യം ആവശ്യപ്പെട്ടത്.ജനനിരക്ക് കുറയുന്നത് തടയുക, നല്ല ശിശു സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്നിവയെല്ലാം നമ്മുടെ കുടുംബകാര്യങ്ങളാണ്, അത് നമ്മുടെ അമ്മമാരുമായി ചേര്‍ന്ന് പരിഹരിക്കണം'- കിം പറഞ്ഞു. പുരുഷന്മാര്‍ എല്ലാ അര്‍ത്ഥത്തിലും സഹായിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരകൊറിയയുടെ ജനസംഖ്യയെക്കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തെ ജനനനിരക്ക് ക്രമാനുഗതമായി താഴുന്നതായാണ് ദക്ഷിണ കൊറിയയുടെ ഗവണ്‍മെന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സി പറയുന്നത്. 2014-ലെ 1.20 ആയിരുന്നു എങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 0.78 ആയി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ പോക്ക് അപകടകരമായ രീതിയിലാണെന്ന് വ്യക്തമായോടെ ഇതിന് തടയിടാനുള്ള നടപടികള്‍ അധികൃതര്‍ നേരത്തേ തുടങ്ങിയിരുന്നു. മൂന്നോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ സൗജന്യ ഭവന ക്രമീകരണങ്ങള്‍, സബ്സിഡികള്‍, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് ത്വരിതപ്പെടുത്തിയിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ വിചാരിച്ചതുപോലുള്ള പുരോഗതി ഇല്ലെന്ന് കണ്ടതോടെയാണ് കിം നേരിട്ടിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
1970-80 കളില്‍ ഉത്തര കൊറിയ യുദ്ധാനന്തര ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാക്കാന്‍ ജനന നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.1990കളുടെ പകുതിയോടെ ഉണ്ടായ പട്ടിണിയെത്തുടര്‍ന്നാണ് രാജ്യത്തിന്റെ ജനന നിരക്ക് വന്‍തോതില്‍ ഇടിഞ്ഞത്. ഇപ്പോഴും ലോകത്തിലെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍ തന്നെയാണ് ഉത്തരകൊറിയയും. സ്‌കൂളില്‍ ഇരുന്ന് പഠിക്കണമെങ്കില്‍ മേശകള്‍ക്കും കസേരകള്‍ക്കുമുള്ള പണം വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ട അവസ്ഥയാണ് രാജ്യത്ത്. സ്‌കൂള്‍ ഫീസിന് പുറമെയാണ് ഈ തുക നല്‍കേണ്ടത്. കുട്ടികളെ ജനിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോകാന്‍ ഇതൊക്കെ കാരണങ്ങളായെന്നാണ് കരുതുന്നത്.