ന്യൂദല്‍ഹി- ത്രിവര്‍ണ പതാകയേന്തി ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാഷ്ട്രമായി മാറും ഇന്ത്യ. 2022 ലോ സാധിക്കുമെങ്കില്‍ അതിന് മുമ്പ് തന്നെയോ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നല്‍കിയ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
ഇന്ന് ചെങ്കോട്ടയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു നല്ല വാര്‍ത്ത തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ബഹിരാകാശ മേഖലയില്‍ എക്കാലവും മുന്‍പന്തിയിലാണ്. 2022 ല്‍ ഇന്ത്യ സ്വതന്ത്രയായിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ ത്രിവര്‍ണ പതാകയുമായി ഒരു ഇന്ത്യക്കാരനോ ഇന്ത്യക്കാരിയോ ബഹിരാകാശത്തേക്ക് പോകും- പ്രധാനമന്ത്രി പറഞ്ഞു. സമര്‍ഥരായ ശാസ്ത്രജ്ഞരില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തില്‍ തന്റെ ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് പ്രധാനമന്ത്രി പ്രധാനമായുംസംസാരിച്ചത്. ഇന്ത്യയുടെ വളര്‍ച്ചയെ ലോകരാജ്യങ്ങള്‍ അംഗീകരിച്ചു തുടങ്ങി. യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ അവര്‍ കാണിച്ച വേഗം ഇപ്പോഴും പാലിച്ചിരുന്നെങ്കില്‍ ഇന്ത്യ വളരാന്‍ ദശകങ്ങള്‍ എടുത്തേനെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍ പുതിയ പ്രതിബദ്ധതയാണ് മുന്നിലുള്ളതെന്നും പുതിയ വേഗത്തിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.