ന്യൂദല്‍ഹി- സൗദി അറേബ്യൻ ഹജ്ജ് വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ മുഹമ്മദ് അൽ റബീഅയുമായി കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.ഹുസൈൻ മടവൂർ കൂടിക്കാഴ്ച നടത്തി. സൗദി ഭരണകൂടം മികച്ച രീതിയിലാണ് ഹജ്ജ് സേവനം നടത്തുന്നതെന്നും അത് ഇനിയും മെച്ചപ്പെടുത്തുമെന്നും ഹാജിമാർക്ക് യാതൊരു പ്രയാസവുമില്ലാതെ ഹജ്ജും ഉംറയും നിർവ്വഹിക്കാൻ വേണ്ടതെല്ലാം ചെയ്യാൻ സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ഡോ. തൗഫീഖ് പറഞ്ഞു. ഇന്ത്യയിലെ സൗദി അംബാസിഡർ ഡോ. സാലിഹ് ബിൻ അൽ ഹുസൈനിയുടെ സാന്നിദ്ധ്യത്തിൽ എംബസിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ആദ്യമായാണ് സൗദി ഹജ്ജ് വകുപ്പ് മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. സൗദിയിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള മുപ്പത്തിയഞ്ച് അംഗ സംഘമാണ് ഇപ്പോൾ ഡൽഹിയിലുള്ളത്. ഹജ്ജ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഈ ഉന്നത തല സംഘത്തിൻ്റെ ഇന്ത്യാ സന്ദർശനം ഇന്ത്യൻ ഹാജിമാർക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.