ന്യൂദൽഹി-തെലങ്കാനയിൽ കോൺഗ്രസിനെ വൻ വിജയത്തിലേക്ക് നയിച്ച അനുമുല രേവന്ത് റെഡ്ഡിയെ നിയമസഭാ കക്ഷി തലവനായി കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവരുന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ദളിത് നേതാവ് മല്ലു ഭട്ടി വിക്രമാർക്ക, ഏഴ് തവണ എം.എൽ.എയും രേവന്ത് റെഡ്ഡി അധികാരമേൽക്കുന്നത് വരെ കോൺഗ്രസിന്റെ സംസ്ഥാന തലവനും മുൻ എയർഫോഴ്സ് പൈലറ്റുമായ ഉത്തം കുമാർ റെഡ്ഡിയും മുഖ്യമന്ത്രി പദവി നോട്ടമിട്ടിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ രാഹുൽ ഗാന്ധി വിഷയം ഒത്തുതീർപ്പാക്കി.