ന്യൂദല്‍ഹി - ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങളെ പാര്‍ലമെന്റില്‍ ഗോമൂത്ര സംസ്ഥാനങ്ങളെന്ന് വിശേഷിപ്പിച്ച ഡി.എം.കെ എം.പി സെന്തില്‍ കുമാര്‍ വിവാദത്തില്‍. ഡി.എം.കെക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡി.എം.കെക്കാര്‍ ഉടന്‍ മനസിലാക്കുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു.
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പി വിജയിക്കുന്നത്. ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് അവയെ വിളിക്കുന്നതെന്നും സെന്തില്‍ കുമാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി വന്‍ വിജയം നേടിയതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഡി.എം.കെ എം.പി വിവാദ പരാമര്‍ശം നടത്തിയത്.
ഇതോടെ രൂക്ഷ വിമര്‍ശവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡി.എം.കെക്ക് നന്നായി അറിയാമെന്ന് മീനാക്ഷി ലേഖി പ്രതികരിച്ചു. ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡി.എം.കെക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നല്‍കി.