ന്യൂഡൽഹി - നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയ ക്ഷീണത്തെ ഇന്ത്യ മുന്നണി അതിജയിക്കുമെന്ന് യു.പി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു. ഇൻഡ്യ സഖ്യം ശക്തി പ്രാപിക്കുമെന്നും ഫലം എന്തായാലും സഖ്യം മുമ്പോട്ട് തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിപക്ഷ പാർട്ടികളുടെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ പ്രതീക്ഷയാണ് ഇന്ത്യ മുന്നണി. ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ജനം ആഗ്രഹിക്കുന്നുവെന്നും അതിനാവശ്യമായ കർമപദ്ധതികൾ ഇന്ത്യാ മുന്നണിയിലൂടെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നാളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരാനിരുന്ന ഇന്ത്യാ മുന്നണിയുടെ യോഗം മാറ്റി. പ്രതിപക്ഷ പാർട്ടിയിലെ മുതിർന്ന പല നേതാക്കളുടെയും അസൗകര്യം പരിഗണിച്ച് 18-ലേക്ക് മാറ്റിയതായാണ് വിവരം.