ന്യൂഡൽഹി - തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്കുശേഷം ഇന്ത്യാ മുന്നണിയിലുയുർന്ന മുറുമുറുപ്പിന് പിന്നാലെ, നാളെ ചേരാനിരുന്ന മുന്നണി യോഗം മാറ്റി. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ കൂട്ടായ്മയിലെ വിവിധ പാർട്ടികളുടെ പ്രധാന നേതാക്കളുടെ അസൗകര്യം പരിഗണിച്ചാണ് യോഗം മാറ്റിയത്. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരാണ് ബുധനാഴ്ചയിലെ യോഗത്തിന് എത്താൻ അസൗകര്യം അറിയിച്ചത്. ഇതേ തുടർന്ന് ഡൽഹിയിലെ തന്റെ വസതിയിൽ നിശ്ചയിച്ചിരുന്ന യോഗം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കൂടിയാലോചനയ്ക്ക് ശേഷം രണ്ടാഴ്ച കഴിഞ്ഞ് പുനഃക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യാത്ര ചെയ്യാനാകില്ലെന്ന് അറിയിച്ചത്. നിതീഷ് കുമാറിന് സുഖമില്ലെന്നാണ് വിവരം. യോഗവിവരം വൈകിയാണ് അറിഞ്ഞതെന്നും നേരത്തെ തീരുമാനിച്ച പരിപാടികൾ കാരണമാണ് മമത ബാനർജിയും അഖിലേഷ് യാദവും അസൗകര്യം അറിയിച്ചത്. യോഗത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ആം ആദ്മി പാർട്ടി സ്ഥിരീകരണമൊന്നും അറിയിച്ചിരുന്നില്ല. എന്നാൽ, ശിവസേന തലവൻ ഉദ്ധവ് താക്കറെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചുവെങ്കിലും മുന്നണിയുടെ മുൻനിര നേതാക്കളൊന്നും എത്താത്ത സാഹചര്യത്തിൽ യാത്ര ഒഴിവാക്കുകയായിരുന്നു.