വാഷിംഗ്ടണ്‍-ഗാസയില്‍ തടവിലാക്കിയ സ്ത്രീ ബന്ദികളെ ഹമാസ് മോചിപ്പിക്കാത്തതില്‍ സംശയമുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥന്‍. സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരസ്യമാക്കുമെന്ന ഭയമായിരിക്കാം ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തലില്‍ അവരെ വിട്ടയക്കാതിരിക്കാന്‍ കാരണമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ബന്ദികളെ ഹമാസ് ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ ഏഴിനു നടന്ന ആക്രമണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇസ്രായില്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും യുഎസ് ഉദ്യോഗസ്ഥര്‍ സ്വതന്ത്രമായ വിലയിരുത്തലുകള്‍ നടത്തുന്നുണ്ടെന്ന് മില്ലര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒക്‌ടോബര്‍ 7ന് തെക്കന്‍ ഇസ്രായിലില്‍ 1,200 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ 240 പേരെ തട്ടിക്കൊണ്ടുപോയിരുന്നു. തെക്കന്‍ ഇസ്രായിലില്‍ ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കുന്നതിന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രായില്‍ സമ്മതിച്ചിട്ടില്ല. യുഎസും ഖത്തറും ഇടനിലക്കാരായ കരാറിന്റെ ഭാഗമായി ഒരാഴ്ചയാണ് വെടിനിര്‍ത്തല്‍ പ്രാബല്യതതിലുണ്ടായിരുന്നത്.
എല്ലാ സ്ത്രീകളെയും ഹമാസ് വിട്ടയക്കാത്തതിനാലാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച യുദ്ധം പുനരാരംഭിക്കുന്നതെന്ന് ഇസ്രായില്‍ വ്യക്തമാക്കിയിരുന്നു.
ഒക്‌ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിടെയുള്ള ലൈംഗികാതിക്രമങ്ങളുടെ തെളിവുകളും ഇസ്രായില്‍ പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തില്‍ 1,500ലധികം സാക്ഷിമൊഴികള്‍ ശേഖരിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അടുത്തിടെ നെസെറ്റിനോട് പറഞ്ഞു.
ഒക്ടോബര്‍ 7 നു ശേഷവും ഹമാസ് അതിക്രമങ്ങള്‍ തുടരുകയാണെന്നും ഇതിനെ വ്യക്തമായി അപലപിച്ചുകൊണ്ട് ഇസ്രായിലിനെ പിന്തുണക്കുകയാണെന്നും മില്ലര്‍ പറഞ്ഞു.