Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പുകൾ ഒന്നിച്ച്; ബി.ജെ.പി പിറകോട്ടില്ല

ന്യൂദൽഹി- ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് തിരിച്ചടി നേരിട്ടെങ്കിലും ആവശ്യവുമായി മുന്നോട്ടുപോകാൻ തന്നെ ബി.ജെ.പി. രാജ്യത്തൊന്നാകെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമാക്കണമെന്ന ആവശ്യവുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പി ശ്രമം.
സംസ്ഥാന നിയമസഭകളുടെ കാലാവധി ചുരുക്കാനോ പിരിച്ചുവിടൽ നേരത്തെയാക്കാനോ നിയമഭേദഗതി വേണമെന്ന് അറിയിച്ചാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി റാവത്ത് നേരത്തെ ബി.ജെ.പി ആവശ്യം തള്ളിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തണമെന്നാണ് ബി.ജെ.പി ആവശ്യം. നിലവിലുള്ള നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കാൻ നിയമം അനുവദിക്കുന്നില്ല. പല നിയമസഭകളുടേയും കാലാവധി നീട്ടേണ്ടി വരും. ഇത് രണ്ടും നിയമപരമല്ല. കടുത്ത നിയമപ്രശ്‌നങ്ങൾക്കും ഇത് വഴിവെക്കും. ഈ സാഹചര്യത്തിലാണ് ബി.ജെ.പി ആവശ്യത്തെ കമ്മിഷൻ തളളിക്കളഞ്ഞത്. രാജ്യം മുഴുവൻ ആവശ്യമായ സുരക്ഷ സംവിധാനമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇക്കാര്യത്തിൽ കമ്മിഷന്റെ  നിലപാട് 2015 ൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
അതിനുപുറമേ, ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ പതിനൊന്നു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകൾ കൂടി നടത്തുകയാണെങ്കിൽ രണ്ടു മാസത്തിനുള്ളിൽ തന്നെ കൂടുതൽ വിവിപാറ്റ് മെഷീനുകൾ ഓർഡർ ചെയ്യേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഒ.പി റാവത്ത് വ്യക്തമാക്കി. നിലവിലുള്ള ഇ.വി.എം, വി.വിപാറ്റ് മെഷീനുകളുമായി പതിനൊന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് കരുക്കൾ നീക്കി ഒരുങ്ങിയിരിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം പതിനൊന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ കൂടി നടത്താൻ സർക്കാർ നീക്കം നടത്തുവെന്നായിരുന്നു വിവരം. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തണം എന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത്ഷാ കഴിഞ്ഞ ദിവസം നിയമ കമ്മീഷന് കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനായി ജനപ്രാധിനിത്യ നിയമത്തിൽ ഭേദഗതിയില്ലാതെ മുന്നോട്ടു നീങ്ങാമെന്നാണ് ബിജെപിയും കണക്കു കൂട്ടിയിരുന്നത്. ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേരത്തേയും മറ്റു ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആറുമാസം വരെ വൈകിപ്പിച്ചും നടത്താനുള്ള നീക്കമായിരുന്നു ബി.ജെ.പി നടത്തിയത്.
അടുത്തവർഷം അവസാനത്തോടെ കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ ലോക്‌സഭക്കൊപ്പം തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കം. മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പിയാണു ഭരണത്തിലെന്നതിനാൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നേരത്തെയാക്കാൻ തടസമുണ്ടാകില്ലെന്നായിരുന്നു കണക്കൂകൂട്ടൽ. സഖ്യകക്ഷിയായ ജെ.ഡി.യു. അനുകൂലിക്കുകയാണെങ്കിൽ ബീഹാറിലെ തെരഞ്ഞെടുപ്പും ഇതിനൊപ്പമാക്കും. 2020ലാണ് ഇവിടെ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. ഒരേസമയം തെരഞ്ഞെടുപ്പെന്ന ആശയത്തെ ജെ.ഡി.യു നേരത്തെതന്നെ പിന്തുണച്ചിരുന്നു.
ബി.ജെ.പി. ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്ക് ജനുവരിയോടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. കോൺഗ്രസ് ഭരിക്കുന്ന മിസോറാമിലും ഡിസംബറോടെ നിയമസഭയുടെ കാലാവധി അവസാനിക്കും. ഈ സംസ്ഥാനങ്ങളിൽ ആറുമാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള സാധ്യതയാണ് തേടിയിരുന്നത്. അതിനുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കം.
നീക്കം വിജയിച്ചാൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമായിരുന്നു. 2019 ഏപ്രിൽ മേയ് മാസങ്ങളിലാണ് ലോക്‌സഭാ തെരഞ്ഞെപ്പ് നടക്കേണ്ടത്. ആന്ധ്രാപ്രദേശ്, തെലുങ്കാന,ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്. 
    

Latest News