മുംബൈ-ജനപ്രിയ ടി.വി സീരീസായ സി.ഐ.ഡിയിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടൻ ദിനേശ് ഫഡ്നിസ് (57) തിങ്കളാഴ്ച രാത്രി മുംബൈയിൽ അന്തരിച്ചു. കരൾ രോഗം ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ഏതാനും ദിവസം മുമ്പ് മുംബൈ സബർബനിലെ തുംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് മരിച്ചത്. ദിനേശ് ഫഡ്നിസ് അഭിനയിച്ച സി.ഐ.ഡിയിലെ സഹനടൻ ആദിത്യ ശ്രീവാസ്തവയാണ് മരണം സ്ഥിരീകരിച്ചത്. 'പുലർച്ചെ 12:08 ഓടെ ദിനേശ് ഞങ്ങളെ വിട്ടുപോയി. അദ്ദേഹത്തിന് കരളിന് അസുഖമുണ്ടായിരുന്നു. അത് മറ്റ് അവയവങ്ങളെ ബാധിച്ചിരുന്നുവെന്നും ആദിത്യ ശ്രീവാസ്തവ പറഞ്ഞു. ദിനേശ് ഫഡ്നിസിന്റെ സംസ്‌കാരം ഇന്ന് രാവിലെ ബോറിവലി ഈസ്റ്റിൽ നടന്നു. ആമിർ ഖാൻ പ്രധാന വേഷങ്ങളിൽ അഭിനയിച്ച സർഫറോഷ്, മേള തുടങ്ങിയ ചിത്രങ്ങളിലും ദിനേഷ് ഫഡ്നിസ് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 2001-ൽ ഓഫീസർ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. സി.ഐ.ഡി, സ്‌പെഷ്യൽ ബ്യൂറോ, അദാലത്ത്, താരക് മേത്ത കാ ഊൾട്ട ചാഷ്മ, സി.ഐ.എഫ് തുടങ്ങിയ ടി.വി ഷോകളിലെ അതിഥി വേഷങ്ങളിലും അഭിനയിച്ചു. ഹൃത്വിക് റോഷൻ ചിത്രമായ സൂപ്പർ 30 ലും ദിനേശ് ഫഡ്നിസ് അഭിനയിച്ചു. അഭിനയത്തിന് പുറമെ ഒരു മറാത്തി ചിത്രത്തിന് കഥ എഴുതി.