Sorry, you need to enable JavaScript to visit this website.

'എല്ലാ നോൺവെജ് ഭക്ഷണശാലകളും ഉടൻ അടച്ചുപൂട്ടണം'; വിവാദ പ്രസ്താവനയുമായി നിയുക്ത ബി.ജെ.പി എം.എൽ.എ

ജയ്പൂർ - സത്യപ്രതിജ്ഞയ്ക്കു മുമ്പേ വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ നിയുക്ത ബി.ജെ.പി എം.എൽ.എ. റോഡിന് സമീപമുള്ള എല്ലാ നോൺവെജ് ഭക്ഷണശാലകളും ഉടൻ അടച്ചുപൂട്ടണമെന്നാണ് ഇയാളുടെ ആവശ്യം.  ഹവാമഹൽ സീറ്റിൽനിന്ന് വിജയിച്ച ബി.ജെ.പിയുടെ ബൽമുകുന്ദ് ആചാര്യയുടേതാണീ ആവശ്യം.
  ഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾ കഴിയും മുമ്പേ, ഇയാൾ ഒരു ഉദ്യോഗസ്ഥനെ വിളിച്ച് റോഡരികിലുള്ള എല്ലാ നോൺവെജ് ഭക്ഷണശാലകളും വൈകുന്നേരത്തോടെ അടച്ചുപൂട്ടാൻ ആവശ്യപ്പെടുകയായിരുന്നു. അടച്ചുപൂട്ടിയ ശേഷം തനിക്ക് റിപോർട്ട് നൽകണമെന്നും നിയുക്ത എം.എൽ.എ ഭീഷണിസ്വരത്തിൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരുമായെത്തി നോൺവെജ് ഹോട്ടലുകൾ പൂട്ടിച്ചതായും റിപോർട്ടുണ്ട്.
 ജയ്പൂരിലെ ഹവാമഹൽ മണ്ഡലത്തിൽനിന്ന് കോൺഗ്രസിലെ ആർ.ആർ തിവാരിയെ 600 വോട്ടുകൾക്കാണിയാൾ തോൽപ്പിച്ചത്. അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി രംഗത്ത് വന്നു. ആരെങ്കിലും നോൺവെജ് ഭക്ഷണശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് തടയാൻ സാധിക്കില്ലെന്നും ഇത്തരം തീവ്ര ഹിന്ദുത്വ തിട്ടൂരങ്ങൾക്ക് ഈ നാട് വഴങ്ങില്ലെന്നും ഉവൈസി ഓർമിപ്പിച്ചു.

Latest News