തിരുവനന്തപുരം-പ്രത്യേക ചടങ്ങുകളോ ആചാരങ്ങളോ ഇല്ലാതെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.എം. കുഞ്ഞാമന്റെ മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. സംസ്‌കാരത്തിനു മതപരമായ ആചാരങ്ങളോ ചടങ്ങുകളോ പാടില്ലെന്ന് കുഞ്ഞാമൻ നേരത്തെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് കുഞ്ഞാമനെ അദ്ദേഹം താമസിച്ചിരുന്ന ശ്രീകാര്യം വെഞ്ചോവോടുള്ള ഹരിശ്രീ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിൽ പൊതുദർശനത്തിനു വച്ചു. ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ് മലപ്പുറത്തെ കുടുംബ വീട്ടിൽ ചികിത്സയിൽ ആയിരുന്ന ഡോ. രോഹിണിയും ബന്ധുക്കളും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. മൃതദേഹം ഏറ്റുവാങ്ങി രാവിലെ 11.30 ഓടെ വെഞ്ചോവോട് വീട്ടിൽ പൊതുദർശനത്തിനു വച്ചു. സി പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവരും ഡോ. കുഞ്ഞാമനോടൊപ്പം പ്രവർത്തിച്ചിരുന്ന പ്രമുഖ വ്യക്തികളും വിവിധ സംഘടനാ ഭാരവാഹികളും അന്ത്യോപചാരം അർപ്പിക്കാൻ എത്തി. വൈകിട്ട് 3.30 ഓടെ ഭൗതികശരീരം ശാന്തികവാടത്തിലേക്ക് കൊണ്ടുപോയി. നാലു മണിയോടെ സംസ്‌കരിച്ചു. യു.എസ്.എയിൽ സോഫ്റ്റ് വെയർ എൻജിനിയറായ മകൾ അഞ്ജനയ്ക്കും ഭർത്താവിനും നാട്ടിൽ എത്താൻ ആയില്ല. കുഞ്ഞാമന്റെ മറ്റൊരു മകൾ അഞ്ചിത 20 വർഷം മുമ്പു മരിച്ചു.