കൊച്ചി- മുനമ്പത്ത് നിന്ന് മീന്‍പിടിത്തത്തിന് പോയ ഓഷ്യാനിക് ബോട്ടിനെ ഇടിച്ചത് എം.വി ദേശ് ശക്തിയെന്ന കപ്പലാണെന്ന് സ്ഥിരീകരിച്ചു. കപ്പലിന്റെ അടിഭാഗത്ത് നടത്തിയ പരിശോധനയില്‍ ബോട്ടിന്റെ പെയ്ന്റ് കണ്ടെത്തിയതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതെന്ന് കോസ്റ്റല്‍ പോലീസ് പറഞ്ഞു. മംഗളൂരു തുറമുഖത്ത് അടുപ്പിച്ചിരിക്കുന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കപ്പലിന്റെ ക്യാപ്റ്റന്‍ ബി.എസ് അലുവാലിയ, സെക്കന്റ് ഓഫീസര്‍ നന്ദകിഷോര്‍, സീമാന്‍ രാജ്കുമാര്‍ എന്നിവരെയാണ് ഫോര്‍ട്ട്‌കൊച്ചി കോസ്റ്റല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബുധനാഴ്ച കൊച്ചിയിലെത്തിക്കും. ഇന്ധനവുമായി ചെന്നൈ തുറമുഖത്ത് നിന്ന് ഇറാഖിലെ തുറമുഖത്തേക്ക് പോകുകയായിരുന്നു കപ്പല്‍. അപകടത്തെ തുടര്‍ന്നു ഡി.ജി ഷിപ്പിംഗിന്റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളൂരു തുറമുറഖത്ത് അടുപ്പിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസും എം.എം.ഡി ഉദ്യോഗസ്ഥരും കഴിഞ്ഞ അഞ്ചു ദിവസമായി കപ്പലില്‍ നടത്തിയ പരിശോധനയിലാണ് അപകടത്തിന് ഇടയാക്കിയത് ദേശ് ശക്തിയാണെന്നു സ്ഥിരീകരിച്ചത്. ബോട്ടില്‍ ഇടിച്ചതായി അറിയില്ലെന്നായിരുന്നു നേരത്തെ ക്യാപ്റ്റന്‍ നല്‍കിയ മൊഴി. മൂന്നു പേരെയും കൊച്ചിയില്‍ കൊണ്ടുവന്നു കൂടുതല്‍ ചോദ്യം ചെയ്യുമെന്നു കോസ്റ്റല്‍ പോലീസ് സി.ഐ ടി.ആര്‍ സന്തോഷ് പറഞ്ഞു.
ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എം.വി ദേശ്ശക്തി ഏഴിന് പുലര്‍ച്ചെ അപകടം നടന്ന പരിസരത്തുണ്ടായിരുന്നു എന്ന് കപ്പലിന്റെ യാത്രാ വിവരങ്ങളില്‍ നിന്നും തെളിഞ്ഞു. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ കപ്പലിന്റെ മുന്‍വശത്ത് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നുണ്ടായ ഉരസല്‍ പാട് കണ്ടെത്തിയിരുന്നു. ഇത് പുതുതായി ഉണ്ടായതായിരുന്നു. ഓഷ്യാനിക് ബോട്ടില്‍ പൂശിയിരുന്ന നീല പെയ്ന്റും ബോട്ടിന്റെ അടിഭാഗത്ത് നിന്നും കണ്ടെത്തി. ലൊക്കേഷന്‍ മാപ്പ്, വോയേജ് ഡാറ്റ റിക്കോര്‍ഡര്‍ (വി.ഡി.ആര്‍), ഇലക്ട്രോണിക് ചാര്‍ട്ട് എന്നിവയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തും. നിലവില്‍ ഇവരെ മംഗളൂരു ഇമിഗ്രേഷന്‍ വിഭാഗം ചോദ്യം ചെയ്യുകയാണ്. മര്‍ക്കന്റൈല്‍ വിഭാഗം നടത്തുന്ന അന്വേഷണവും തുടരുകയാണ്. കപ്പല്‍ പിടിച്ചിടില്ലെന്നു പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏഴിനു പുലര്‍ച്ചെയാണ് കൊച്ചി തുറമുഖത്തു നിന്നു 27 നോട്ടിക്കല്‍ മൈല്‍ അകലെ നാട്ടിക തീരത്ത് പുലര്‍ച്ചെ 3.30ന് അപകടമുണ്ടായത്. 14 തൊഴിലാളികളില്‍ രണ്ടു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. മലയാളിയായ മാല്യങ്കര സ്വദേശി ഷിജുവിന്റെ ഉള്‍പ്പെടെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. ഏഴു പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.