ലണ്ടന്‍- കുടിയേറ്റം കുറക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടനില്‍ വിദേശികളുടെ കുറഞ്ഞ വേതനം ഉയര്‍ത്തി ഋഷി സുനക് സര്‍ക്കാര്‍. കുതിച്ചുയരുന്ന കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനാാണ് നടപടി. വിദേശ തൊഴിലാളികള്‍ നേടേണ്ട ഏറ്റവും കുറഞ്ഞ ശമ്പളം രാജ്യത്തെ ശരാശരി വേതനത്തേക്കാള്‍ വളരെ കൂടുതലായാണ് പ്രധാനമന്ത്രി ഋഷി സുനക് ഉയര്‍ത്തുന്നത്. നിലവിലെ 26,200 പൗണ്ടില്‍നിന്ന് ശമ്പള പരിധി 38,000 പൗണ്ടായാണ് വര്‍ധിപ്പിക്കുന്നത്.
ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് നിര്‍ദേശിച്ച വേതനത്തെ അപേക്ഷിച്ച് 3,000 പൗണ്ട് കൂടുതലാണിത്. ഈ വേതന പാക്കേജ് കണ്ട് ആളുകള്‍ അമ്പരക്കുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി തിങ്കളാഴ്ച ഈ പാക്കേജ് കോമണ്‍സില്‍ അവതരിപ്പിക്കും.
ബ്രിട്ടനില്‍ കുടിയേറ്റം വലിയ വിഷയമായി മാറുകയാണ്. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പും സ്വന്തം പാര്‍ട്ടിയില്‍തന്നെ ഉയരുന്ന ആവശ്യവും കണക്കിലെടുത്താണ് സുനക്കിന്റെ നടപടി. പാര്‍ട്ടി അംഗങ്ങള്‍ കുടിയേറ്റത്തിനെതിരെ കടുത്ത നടപടി ആവശ്യപ്പെടുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള പാതയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കില്‍ കുടിയേറ്റം 7,45,000 ആയി ഉയര്‍ന്നിരുന്നു,
ബ്രെക്‌സിറ്റിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ഇത് ഏകദേശം മൂന്ന് ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കുടിയേറ്റം റെക്കോര്‍ഡ് തോതിലേക്ക് ഉയര്‍ന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)