ന്യൂദല്‍ഹി- മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായതോടെ 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെങ്നൗപാല്‍ ജില്ലയിലുണ്ടായ അക്രമത്തിലാണ് 13 പേര്‍ കൊല്ലപ്പെട്ടത്.
സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായത്. ഇതേതുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്കരികില്‍ സൈന്യം ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവര്‍ ലീത്തു മേഖലയില്‍ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരം പോലീസോ സുരക്ഷാ സേനയോ പുറത്തുവിട്ടിട്ടില്ല.
മെയ് മൂന്നിന് ആരംഭിച്ച മെയ്‌തേയ്, കുക്കി വംശീയ സംഘര്‍ഷത്തില്‍ 182 പേരാണ് കൊല്ലപ്പെട്ടത്. അരലക്ഷത്തോളം പേര്‍ ഭവനരഹിതരായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം ഞായറാഴ്ചയാണ് നീക്കിയത്.