പാരീസ്- തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി യോഗ ഗുരു ഗ്രിഗോറിയൻ ബിവോലാരുവിനെയും 41 പേരെയും ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ആത്മീയ ഉണർവ് വാഗ്ദാനം നൽകി ഇരകളെ ആകർഷിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാൾ. 71 വയസുള്ള ബിവോലാരു താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇരകളെ നിർബന്ധിക്കുകയായിരുന്നു. ലൈംഗിക വൈകൃതത്തിന് ഉടമായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു. ഇന്റർപോളിന്റെ വാറന്റ് നിലവിലുള്ള ബിവോലാരുവും സംഘവും ചൊവ്വാഴ്ച പാരീസിലും ഫ്രാൻസിലെ മറ്റ് പ്രദേശങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് പിടിയിലായത്. ഇരകളെന്ന് ആരോപിക്കപ്പെടുന്ന ഇരുപത്തിയാറ് പേർ അതിദയനീമായ അവസ്ഥയിലാണ് ജീവിക്കുന്നത്. 1990ൽ റൊമാനിയയിൽ ബിവോലാരു മൂവ്‌മെന്റ് ഫോർ സ്പിരിച്വൽ ഇന്റഗ്രേഷൻ ഇൻ ടു ദ അബ്‌സലൂട്ട് (മിസ) എന്ന പേരിൽ ഒരു നെറ്റ്‌വർക്ക് സ്ഥാപിച്ചിരുന്നു. ഇതാണ് പിന്നീട് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് യോഗ ആന്റ് മെഡിറ്റേഷൻ എന്ന് അറിയപ്പെടാൻ തുടങ്ങിയത്.
നിരവധി കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച പരാതിയെ തുടർന്ന് പാരീസിലും മറ്റ് നിരവധി പ്രദേശങ്ങളിലുമായി 175 ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ചൊവ്വാഴ്ച ആരംഭിച്ച വലിയ തോതിലുള്ള ഓപ്പറേഷനിലാണ് ബിവോലാരുവും സംഘവും അറസ്റ്റിലായത്. ഇരകളായ ഇരുപത്തിയാറ് പേർ ഇടുങ്ങിയതും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ ജീവിക്കുന്നതായി കണ്ടെത്തിയതായി ജുഡീഷ്യൽ വൃത്തങ്ങൾ അറിയിച്ചു.
1990ൽ തന്റെ മാതൃരാജ്യമായ റൊമാനിയയിൽ സ്ഥാപിതമായ ബിവോലാരുവിന്റെ യോഗ സ്‌കൂളുകളുടെ ശൃംഖല പിന്നീട് യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇവരുടെ വെബ്‌സൈറ്റിൽ, ഇതിനെ യൂറോപ്പിലെ ഏറ്റവും വലിയ യോഗ സ്‌കൂൾ എന്നാണ് വിശേഷിപ്പിക്കുന്നത്. 1990 മുതൽ യോഗ സ്‌കൂൾ റൊമാനിയയിലും മറ്റ് 33 രാജ്യങ്ങളിലും 250 ലധികം പട്ടണങ്ങളിൽ യോഗ കോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്.
ബിവോലാരുവിന് എതിരെയുള്ള ഗുരുതരമായ ആരോപണങ്ങളുടെ ഒരു നിരയിലെ ഏറ്റവും പുതിയ ആരോപണങ്ങൾ മാത്രമാണിത്. 2013ൽ റൊമാനിയയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാളെ ശിക്ഷിച്ചിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകാതെ ഇയാളെ രാജ്യത്തുനിന്ന് മുങ്ങി. പിന്നീട് ഫ്രാൻസിൽനിന്ന് ഇയാളെ നാടുകടത്തുകയും ശിക്ഷിക്കുകയും ചെയ്തു. ഒരു വർഷവും മൂന്ന് മാസവുമാണ് ശിക്ഷ അനുഭവിച്ചത്.