മുംബൈ-2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി കങ്കണ റണാവത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍. ചണ്ഡീഗഢ് സീറ്റില്‍ കങ്കണ ജനവിധി തേടുമെന്നാണ് അഭ്യൂഹങ്ങള്‍. ഇതുസംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും എല്ലാ വാര്‍ത്തകളും ശരിയല്ലെന്നാണ് കങ്കണ യുടെ പ്രതികരണം.
ബി.ജെ.പി സ്ഥാനാര്‍ഥിയായ കിരണ്‍ ഖേര്‍ ആണ് രണ്ടുതവണയും ചണ്ഡീഗഢിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത്. എന്നാല്‍ മണ്ഡലത്തില്‍ ഒരുതരത്തിലുമുള്ള വികസനവും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തുടര്‍ന്നാണ് ഇത്തവണ ഖേറിനെ മാറ്റി കങ്കണയെ രംഗത്തിറക്കാന്‍ ബി.ജെ.പി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നു എന്ന വാര്‍ത്തയോട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്. ന്യൂസ് റിപ്പോര്‍ട്ടുകളുടെ സ്‌ക്രീന്‍ഷോര്‍ട്ട് സഹിതമാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 'ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതെ കുറിച്ച് എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും സത്യമല്ല-കങ്കണ കുറിച്ചു.
അതേസമയം, അടുത്തിടെ ദ്വാരകയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് കങ്കണ പറഞ്ഞിരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൃഷ്ണ ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കില്‍ താന്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു മറുപടി.