ചെന്നൈ - ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിനെ തുടർന്ന് രൂപപ്പെട്ട കനത്ത മഴയിൽ പ്രളയത്തിലകപ്പെട്ട തമിഴ്‌നാട്ടിൽ ഉച്ചക്കുശേഷം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ കടലിൽ ആഞ്ഞുവീശി ആന്ധ്രാ തീരത്തേക്കു നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റ് നാളെ കരതൊടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.
തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.
കനത്ത മഴയിൽ ചെന്നൈ വിമാനത്താവളം വെള്ളത്തിലാണ്. ഇതേ തുടർന്ന് സർവീസുകൾ നിർർത്തുകയും വഴി തിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലെ സർവീസുകളും തടസപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽ നഗരപ്രാന്ത പ്രദേശങ്ങളിലെല്ലാം വാഹനങ്ങളും മറ്റും വെള്ളത്തിൽ ഒഴുകിനടക്കുകയാണ്. കനത്ത നാശനഷ്ടമാണ് പലേടത്തുമുണ്ടായത്. ചെന്നൈ ഇ.സി.ആർ റോഡിൽ മതിലിടിഞ്ഞ് രണ്ടുപേർ മരിച്ചു. ഗുരുനാനാക് കോളജിന് സമീപം കെട്ടിടം തകർന്ന് പത്തുപേർ കുടുങ്ങിയതായും റിപോർട്ടുകളുണ്ട്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളിൽ കനത്ത മഴയിൽ വൻ വെളളക്കെട്ടുകളാണ് രൂപപ്പെട്ടത്. ചെന്നൈ മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവടങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ആറ് ജില്ലകളിൽ അവധിയും നൽകിയിട്ടുണ്ട്.
വന്ദേഭാരത് ഉൾപ്പടെ 125-ലേറെ ട്രെയിൻ സർവീസുകളും ആറാം തിയ്യതിവരെ തമിഴ്‌നാട്ടിൽ റദ്ദാക്കിയിട്ടുണ്ട്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാൽ മുടങ്ങി. കനത്ത മഴയിൽ ഡാമുകളും ഭീഷണി ഉയർത്തുന്നതിനാൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം.