ചെന്നൈ - ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ വന്‍ പ്രളയമുണ്ടായതിനെ തുടര്‍ന്ന് ഭൂരിഭാഗം റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ അണ്ടര്‍ ബൈപാസുകള്‍ അടച്ചു. ആളുകളെ മുഴുവന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ചെന്നൈ തീരത്തെ മിഗ്ജൗമ് ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍- വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചെന്നൈ അടക്കം ആറ് ജില്ലകള്‍ക്ക് ഇന്ന് പൊതു അവധിയാണ്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.ചെന്നൈയില്‍ നിന്നുള്ള 20 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 26 വിമാന സര്‍വീസുകള്‍ വൈകും. വന്ദേ ഭാരത് അടക്കം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകള്‍ കൂടി റദ്ദാക്കി.118 ട്രെയിനുകളായാണ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരിക്കുന്നത്. ഇതില്‍ കേരളത്തില്‍ നിന്നും കേരളത്തിലേക്കുമുള്ള അഞ്ച് ട്രെയിനുകളും ഉള്‍പ്പെടുന്നു. വൈകിട്ട് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രേം ഹോം സംവിധാനം ഏര്‍പ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി ആണ്.