ഐസ്വാൾ - മിസ്സോറാമിൽ ഭരണകക്ഷിയായ എം.എൻ.എഫി(മിസോ നാഷണൽ ഫ്രണ്ട്)നെതിരേ പുതിയ പാർട്ടിയായ സെഡ് പി.എമ്മി(സോറം പീപ്പ്ൾസ് മൂവ്‌മെന്റ്)ന്റെ തിളക്കമാർന്ന മുന്നേറ്റം. 40 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പ്രവണതയനുസരിച്ച് കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകളിൽ മുന്നിലാണിപ്പോൾ സെഡ് പിഎം. ഭരണകക്ഷിയായ എം.എൻ.എഫിനെ ബഹുദൂരം പിന്നിലാക്കി 23 മണ്ഡലങ്ങളിലാണിപ്പോൾ ലാൽഡു ഹോമയുടെ നേതൃത്വത്തിലുള്ള സെഡ് പി.എം എന്ന സോറം പീപ്പിൾസ് മൂവ്‌മെന്റ് മുന്നിട്ട് നില്ക്കുന്നത്.
എട്ട് സീറ്റിൽ എം.എൻ.എഫും അഞ്ചു സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നതായാണ് ഇപ്പോഴത്തെ ചിത്രം. 23 സീറ്റിൽ ശക്തിപരീക്ഷിച്ച ബി.ജെ.പിയും നാലു സീറ്റുകളിൽ മത്സരിച്ച ആം ആദ്മി പാർട്ടിയുമൊന്നും ഇതുവരെയും കാര്യമായ ഒരു ചലനവുമുണ്ടാക്കിയിട്ടില്ല.
എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് മിസോറാമിൽ തൂക്കു സഭയെന്നാണ്. എന്നാൽ സെഡ് പി.എമ്മിന്റെ ആദ്യ റൗണ്ടിലെ മുന്നേറ്റം അതിനെ തീർത്തും തള്ളിക്കളയും വിധത്തിലാണ്. ഈ കുതിപ്പ് തുടരുന്ന പക്ഷം മിസോറാമിന്റെ രൂപീകരണ കാലം മുതൽ കോൺഗ്രസും എം.എൻ.എഫും മാറി മാറി ഭരിച്ച ചരിത്രത്തിന് കൂടിയാണ് സെഡ് പി.എം തിരുത്തി എഴുതുക.
2018-ൽ കോൺഗ്രസിന്റെ ഒരു പതിറ്റാണ്ടുകലത്തെ ഭരണത്തിന് അന്ത്യം കുറിച്ച് 40 അംഗ സഭയിൽ 26 സീറ്റ് നേടിയാണ് സോറം തങ്കയുടെ നേതൃത്വത്തിൽ എം.എൻ.എഫ് അധികാരത്തിലെത്തിയത്. അന്ന് സെഡ് പി.എമ്മിന് എട്ടും കോൺഗ്രസിന് അഞ്ചും ബി.ജെ.പിക്ക് ഒരു സീറ്റുമായിരുന്നു സമ്പാദ്യം.
2017-ൽ രൂപീകരിച്ച സെഡ് പി.എം 2018-ലെ കന്നിപരീക്ഷണത്തിൽ എട്ട് സീറ്റുകൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് രാഷ്ട്രീയത്തിൽ സജീവമായി ശ്രദ്ധ പതിപ്പിച്ചത്. സോറം നാഷണൽ പാർട്ടി, മിസോറാം പീപ്പിൾസ് കോൺഫറൻസ്, സോറം എക്‌സോഡസ് കോൺഫറൻസ്, സോറം റിഫോർമേഷൻ ഫ്രണ്ട്, മിസോറാം പീപ്പിൾസ് പാർട്ടി, സോറം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നീ പ്രാദേശിക പാർട്ടികളുടെ കൺസോഷ്യമാണ് സെഡ് പി.എം. ഇത് പിന്നീട് രാഷ്ട്രീയ പാർട്ടിയായി കളത്തിലിറങ്ങുകയായിരുന്നു. എട്ടരലക്ഷം വോട്ടർമരാണ് ഇവിടെയുള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരായ ഇവിടെ, ഒരു ജനറൽ സീറ്റ് ഒഴികെ ബാക്കി 39ഉം പട്ടികവർഗ സംവരണ സീറ്റാണ്.