ഐസ്വാള്‍- നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മിസോറാമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫും സോറം പീപ്പിള്‍സ് മൂവ്മെന്റും (സെഡ്.പി.എം) കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. എംഎന്‍എഫിന്റെ സോറം തംഗയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്.
സെഡ് പിഎം മുന്നേറ്റമുണ്ടാകുമെന്നും പ്രവചനമുണ്ട്. അതേസമയം തൂക്കു സഭയ്ക്ക് സാധ്യതയുള്ളതായും വിലയിരുത്തലുണ്ട്. കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റിലും കോണ്‍ഗ്രസ് 05, ബിജെപി 01, സ്വതന്ത്രര്‍ 08 എന്നിങ്ങനെയാണ് വിജയിച്ചത്.
സ്വതന്ത്രര്‍ എല്ലാം ചേര്‍ന്ന് 2019 ല്‍ രൂപീകരിച്ച സെഡ്പിഎം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് സമുദായ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വോട്ടെണ്ണല്‍ ഞായറാഴ്ചയില്‍ നിന്നും തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.