Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ നാലു വയസ്സുകാരിയുടെ മരണം; സ്‌കൂട്ടര്‍ ഓടിച്ചത് പതിനാറുകാരന്‍

ആലപ്പുഴ- കോണ്‍വെന്റ് സ്‌ക്വയറില്‍ ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ നാലുവയസുകാരി മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച 16 കാരനെ കണ്ടെത്തി. സ്‌കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം കോണ്‍വെന്റ് സ്‌ക്വയറില്‍ ബന്ധുവിന്റെ വിവാഹ നിശ്ചയച്ചടങ്ങിനെത്തിയവരെ യാത്രയാക്കാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴായിരുന്നു ഫാത്തിമ എന്ന നാല് വയസുകാരിയെ അമിതവേഗത്തില്‍ 16 വയസ്സുകാരന്‍ ഓടിച്ചെത്തിയ സ്‌കൂട്ടര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രധാന അത്യാഹിത വിഭാഗത്തിലാണ് ആദ്യമെത്തിച്ചത്.പിന്നീട് പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍ത്താതെ പോയ സ്‌കൂട്ടറിനായി പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

സംഭവസമയത്ത് രണ്ടുപേരാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 16കാരനെയും വാഹനത്തിന്റെ ഉടമയെയും പോലീസ് കണ്ടെത്തുകയായിരുന്നു. മനപ്പൂര്‍വം അല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വാഹനം ഓടിച്ചിരുന്ന ആള്‍ക്ക് ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് നഷ്ടപരിഹാരത്തുക വാഹന ഉടമ ഒടുക്കേണ്ടിവരും.

 

Latest News