ന്യൂഡൽഹി - ഇന്ത്യാ മുന്നണിയിൽ കോൺഗ്രസുമായി ഉടക്കി മത്സരിച്ച സി.പി.എമ്മിനും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. എന്നാൽ, കോൺഗ്രസിനൊപ്പം ഇന്ത്യാ മുന്നണിയിൽ ഉറച്ചുനിന്ന സി.പി.ഐക്ക് തെലങ്കാനയിൽ മിന്നുന്ന വിജയം.
തെലങ്കാനയിൽ സി.പി.ഐ മത്സരിച്ച ഏക സീറ്റായ കോതഡും മണ്ഡലത്തിൽ സി.പി.ഐ നേതാവ് സാംബശിവ റാവുവാണ് ബി.ആർ.എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേർ റാവുവിന്റെ ശക്തി കേന്ദ്രമായറിയപ്പെടുന്ന മണ്ഡലത്തിൽ ബി.ജെ.പിയെ തറപറ്റിച്ച് വിജയക്കൊടി പാറിച്ചത്. കോൺഗ്രസുമായി സി.പി.ഐ സഖ്യത്തിലേർപ്പെട്ടപ്പോൾ സി.പി.എം ഇന്ത്യാ മുന്നണി വിരുദ്ധ നിലപാടാണിവിടെ സ്വീകരിച്ചത്.
രാജസ്ഥാനിൽ കോൺഗ്രസുമായി ധാരണയിൽ എത്താനാകാതെ രണ്ടു സിറ്റിംഗ് സീറ്റുകളിലടക്കം മത്സരിച്ച 17 സീറ്റിലും സി.പി.എം തകർന്നടിയുകയായിരുന്നു. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ ഹനുമൻഗഡ് ജില്ലയിലെ ഭദ്രയിൽ ബൻവൻ പുനിയയും രണ്ടാമത്തെ സിറ്റിങ് സീറ്റായ ബിക്കാനിറിലെ ദുംഗർഗഡിൽ ഗിർദരിലാൽ മഹിയയും ബി.ജെ.പി സ്ഥാനാർത്ഥികളോട് പരാജയപ്പെടുകയായിരുന്നു.
നാലുതവണ എം.എൽ.എയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ അംറ റാം മുൻവർഷം തോറ്റ സീക്കർ ജില്ലയിലെ ദത്താരാംഗഡിൽ ഇത്തവണ വീണ്ടും ശക്തി പരീക്ഷിച്ചെങ്കിലും ഫലം അനുകൂലമാക്കാനായില്ല.
ഭദ്രയിൽ കേവലം 1161 വോട്ടിനാണ് സിറ്റിങ് എം.എൽ.എയായ സി.പി.എമ്മിലെ ബൽവാൻ പൂനിയ പരാജയപ്പെട്ടത്. ഇവിടെ അഞ്ചാം സ്ഥാനത്തായ കോൺഗ്രസ് സ്ഥാനാർത്ഥി നേടിയ 3669 വോട്ട് ബി.ജെ.പി ജയത്തിൽ നിർണായകമായി. ഇതേപോലെ സി.പി.എം സ്വീകരിച്ച തെറ്റായ സമീപനം മൂലം കോൺഗ്രസിന് ജയസാധ്യതയുള്ള ചില മണ്ഡലങ്ങളിലും ബി.ജെ.പി നേട്ടമുണ്ടാക്കി.
രാജസ്ഥാനിൽ സി.പി.എമ്മിന് ആകെ 3,82,378 വോട്ടാണ് നേടാനായത്. 2013-ൽ 38 സീറ്റുകളിലായി 2,39,002 വോട്ടുകളും 2018-ൽ 28 സീറ്റുകളിലായി 4,32,001 വോട്ടുകളും നേടിയ സ്ഥാനത്താണീ മങ്ങിയ ഫലം. 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ സി.പി.എം വിജയിക്കുകയും രണ്ടിടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നിടത്താണ് ഇത്തവണ മത്സരിച്ച 17ലും എട്ടുനിലയിൽ പൊട്ടിയത്. അന്ന് അഞ്ചു സീറ്റിൽ 45,000-ഓളം വോട്ടും സി.പി.എമ്മിന് സാമ്പാദ്യമുണ്ടായിരുന്നു.
വിശാല കാഴ്ചപ്പാടോടെ സീറ്റു ധാരണയുണ്ടാക്കാനും പരസ്പര വിട്ടുവീഴ്ചകൾക്കു വഴങ്ങാനും കോൺഗ്രസും സി.പി.എമ്മും തയ്യാറാകാതെ വന്നതോടെയാണ് ഇരു പാർട്ടികളും നേർക്കുനേരെ പൊരുതി പരസ്പരം തല്ലിത്തോറ്റത്. സത്യത്തിൽ, ഇന്ത്യ മുന്നണിയുടെ ദീർഘവീക്ഷണമില്ലായ്മയും വിവിധ പാർട്ടികളുടെ അന്ധമായ പിടിവാശിയും മറ്റു തർക്കങ്ങളുമാണ് പലേടത്തും ബി.ജെ.പിയെ സഹായിച്ചത്.
മദ്ധ്യപ്രദേശിലും ധാരണയോടെ മുന്നോട്ടു പോകാൻ ഇന്ത്യ മുന്നണിക്കായില്ല. അതിനാൽ സമാജ് വാദി പാർട്ടിയും ആം ആദ്മിയുമെല്ലാം കോൺഗ്രസ് സഖ്യത്തിന് പുറത്താണ് മത്സരിച്ചത്. ഇങ്ങനെ കൂട്ടുത്തരവാദിത്തമില്ലാത്ത സമീപനമാണ് സി.പി.എമ്മിനും കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കുമെല്ലാം വിനയായത്. പ്രത്യേകിച്ചും മദ്ധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ പ്രാദേശിക പാർട്ടികളെ തഴഞ്ഞുള്ള കിറുക്കുബുദ്ധിക്കും മൃദു ഹിന്ദുത്വ നയങ്ങളും വലിയ പരുക്കാണുണ്ടാക്കിയത്. ഇത് കോൺഗ്രസ് വിജയത്തിന് മങ്ങലേൽപ്പിച്ചുവെന്നു മാത്രമല്ല, ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്തു.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് ഇന്ത്യ മുന്നണി ശക്തമാക്കണമെന്ന് സി.പി.എം ദേശീയ നേതൃത്വത്തിന് നല്ല കാഴ്ചപ്പാടുണ്ടെങ്കിലും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ചില സി.പി.എം നേതാക്കളുടെ അന്ധമായ കോൺഗ്രസ് വിരോധം ദേശീയ രാഷ്ട്രീയത്തിൽ മതനിരപേക്ഷ കൂട്ടുകെട്ടിന് പലപ്പോഴും അനുഗുണമാകാറില്ല. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇപ്പോൾ ബി.ജെ.പിയോടൊപ്പമുള്ള ജെ.ഡി.എസിനെ പേറിയ സി.പി.എം, ഏറ്റവും ഒടുവിൽ നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും ഒറ്റപ്പെട്ട നിലയിലാണെങ്കിലും ഇന്ത്യാ മുന്നണിയുടെ സ്പിരിറ്റിന് ചേരാത്ത സമീപനമാണ് സ്വീകരിച്ചത്. ഇതിൽ കോൺഗ്രസിന്റെ രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളുടെ കരങ്ങൾക്കും നിഷേധിക്കാനാവാത്ത പങ്കുണ്ടെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ.
കേരള സി.പി.എമ്മിന്റെ സങ്കുചിത രാഷ്ട്രീയവും കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവവുമാണ് പലപ്പോഴും ദേശീയ രോഷ്ട്രീയത്തിൽ തലവേദനയാകുന്നത്. എന്നാൽ, കേരളത്തിൽ ഇടതു മുന്നണിയോടൊപ്പം അടിയുറച്ചു നിൽക്കുമ്പോഴും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്ക് കരുത്തു പകരാൻ സി.പി.ഐ ഒട്ടും പിന്നാക്കം പോകാറില്ല. സി.പി.എമ്മിനെ അപേക്ഷിച്ച് എണ്ണത്തിലും ശക്തിയിലുമെല്ലാം കുറവാണെങ്കിലും ദേശീയ രാഷ്ട്രീയം കൃത്യമായി പഠിച്ച് ഇടത് രാഷ്ട്രീയത്തിന് മേൽവിലാസമുണ്ടാക്കാനും മതനിരപേക്ഷ ചേരിക്ക് കൂടുതൽ ശക്തി പകരാനും സി.പി.ഐ നേതൃത്വം കാണിക്കുന്ന ക്രിയാത്മകവും ആത്മാർത്ഥവുമായ ഇടപെടൽ എമ്പാടും പോരായ്മകൾക്കിടയിലും ശ്രദ്ധിക്കപ്പെടാറുണ്ട്. വരും നാളുകളിലെങ്കിലും കോൺഗ്രസിനും സി.പി.എമ്മിനും തങ്ങളുടെ വീഴ്ചകൾ തിരിച്ചറിഞ്ഞ് വിട്ടുവീഴ്ചാ മനസ്ഥിതിയോടെ ഇന്ത്യാ മുന്നണിയിൽ വിള്ളലുണ്ടാക്കാനാകാതെ പോയാൽ അതായിരിക്കും ഇരുകൂട്ടർക്കും പ്രത്യേകിച്ച് മതനിരേപക്ഷ സമൂഹത്തിനും ഗുണം ചെയ്യുക. ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ജനതാദൾ യു, ആർ.ജെ.ഡി, എൻ.സി.പി തുടങ്ങിയ പാർട്ടികളുടെയെല്ലാം വികാരം മാനിച്ച് ഇന്ത്യ മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ ഇവർക്കു സാധിച്ചാൽ 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വയ്ക്കാം. അല്ലാത്തപക്ഷം ഇതിലും ദയനീയമായിരിക്കും പ്രതിപക്ഷ പാർട്ടികളുടെ ചിത്രമെന്നുറപ്പ്. അത്രയും കൃത്യവും സൂക്ഷ്മവുമാണ് ഹിന്ദുത്വ പാർട്ടികളുടെ മുന്നൊരുക്കങ്ങൾ
.
രാജസ്ഥാനിൽ സി.പി.എം സ്ഥാനാർത്ഥികൾ മത്സരിച്ച 17 മണ്ഡലങ്ങളും പാർട്ടി സ്ഥാനാർത്ഥികൾക്കു ലഭിച്ച വോട്ടും ഇപ്രകാരമാണ്:
1. ഭദ്ര മണ്ഡലം (ഹനുമാൻഗഡ് ജില്ല), ബൽവാർ പൂനിയ - 1,01,616 വോട്ട്
2. ധോദ് മണ്ഡലം (സിക്കാർ ജില്ല), പേമാറാം - 72,165 വോട്ട്
3. റെയ്‌സാനഗർ (ഗംഗാനഗർ ജില്ല), ശ്യോപത് റാം - 61,057 വോട്ട്
4. ശ്രീ ദുംഗർഗഡ് (ബിക്കാനർ ജില്ല), ഗിർധാരിലാൽ മാഹിയ - 56,498 വോട്ട്
5. നൊഹർ (ഹനുമൻഗഡ് ജില്ല), മങ്കേജ് ചൗധരി - 26,824 വോട്ട്
6. ദന്തറാംഗഡ് (സിക്കാർ ജില്ല), അംറ റാം - 20,891 വോട്ട്
7. അനുപ്ഗഡ് (ഗംഗാനഗർ ജില്ല), ശോഭാ സിങ് - 8886 വോട്ട്
8. താരാനഗർ (ചുരു ജില്ല), നിർമൽ കുമാർ - 6815 വോട്ട്
9. സദുൽപുർ (ചുരു ജില്ല), സുനിൽ കുമാർ പൂനിയ - 5707 വോട്ട്
10. ലദ്‌നൂൻ (ദിധ്വന കുച്ച്മൻ ജില്ല), ഭഗീരഥ്മൽ - 5512 വോട്ട്
11. ജദോൾ (ഉദയ്പുർ ജില്ല), പ്രേംചന്ദ് പാർഗി - 4539 വോട്ട്
12. ഹനുമാൻഗഡ് (ഹനുമാൻഗഡ് ജില്ല), രഘുവീർ സിങ് - 2843 വോട്ട്
13. ദുംഗർപുർ (ദുംഗർപുർ ജില്ല), ഗോതംലാൽ - 2318 വോട്ട്
14. സർദർഷഹർ (ചുരു ജില്ല), ജഗൻലാൽ ചൗധരി - 1977 വോട്ട്
15. ലക്ഷ്മൺഗഡ് (സിക്കാർ ജില്ല), വിജേന്ദ്ര ധാക്ക - 1875 വോട്ട്
16. സിക്കാർ (സിക്കാർ ജില്ല), ഉസ്മാൻ ഗനി - 1760 വോട്ട്
17. നവാൻ (ഹനുമാൻഗഡ് ജില്ല), കാനാറാം - 1095 വോട്ട്