സന്‍ആ- രണ്ട് ഇസ്രായില്‍ കപ്പലുകളെ ആക്രമിച്ചതായി അവകാശപ്പെട്ട് യെമനിലെ ഹൂതികള്‍. ആക്രമിക്കപ്പെട്ടവയില്‍ യു.എസ് പടക്കപ്പലും നിരവധി വാണിജ്യ കപ്പലുകളും ഉള്‍പ്പെടുമെന്് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡ്രോണും നാവിക മിസൈലും ഉപയോഗിച്ചാണ് രണ്ട് ഇസ്രായില്‍ കപ്പലുകളെ ആക്രമിച്ചതെന്ന് ഹുതി വക്താവ് പറഞ്ഞു.
ഹൂതി നാവികസേനയുടെ മുന്നറിയിപ്പുകള്‍ നിരസിച്ചതിന് ശേഷമാണ് യൂണിറ്റി എക്‌സ്‌പ്ലോറര്‍, നമ്പര്‍ ഒമ്പത് എന്നീ രണ്ട് കപ്പലുകള്‍ ലക്ഷ്യമിട്ടതെന്ന് വക്താവ് പറഞ്ഞു.ഒരു അമേരിക്കന്‍ യുദ്ധക്കപ്പലും ഒന്നിലധികം വാണിജ്യ കപ്പലുകളും ചെങ്കടലില്‍ ആക്രമണത്തിനിരയായതായി പെന്റഗണ്‍ ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്.
തെക്കന്‍ ചെങ്കടലില്‍ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് കാര്‍ണി അതിനുനേരെ വന്ന ഒരു ഹൂതി ഡ്രോണ്‍ നശിപ്പിച്ചിട്ടുണ്ട്. അതേ സമയം, ഒരു സിവിലിയന്‍ വാണിജ്യ കപ്പലിന് നേരെ കുറഞ്ഞത് ഒരു ബാലിസ്റ്റിക് മിസൈലെങ്കിലും തൊടുത്തുവിട്ടതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈല്‍ യൂണിറ്റി എക്‌സ്‌പ്ലോറര്‍ കപ്പലിനു സമീപമെത്തിയിരുന്നു.
യൂണിറ്റി എക്‌സ്‌പ്ലോററിനെ സഹായിക്കുന്നതിനിടെ, കാര്‍ണിയുടെയും യൂണിറ്റി എക്‌സ്‌പ്ലോററിന്റെയും ദിശയിലേക്ക് വന്ന മറ്റൊരു ഹൂത്തി ഡ്രോണിനെ വെടിവച്ചു വീഴ്ത്തിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.