ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തയക്കു പങ്കാളിയില്ലാതെ പോകുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിഷമം. മോദിക്ക് പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ തനിക്കു സാധിക്കുമെന്ന് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ഫലിത രൂപേണ പറഞ്ഞിരുന്നെന്നാണ് വെളിപ്പെടുത്തല്‍. പൊളിറ്റിക്കോ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.
വിദേശരാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും അതിനു മുമ്പും ട്രംപിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെ കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പൊളിറ്റിക്കോ ഇക്കാര്യം പറയുന്നത്. കഴിഞ്ഞവര്‍ഷം മോദിയും ട്രംപും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന് മോദി തനിച്ചാണ് എത്തുന്നത് എന്നറിഞ്ഞപ്പോഴായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം. 'ഞാന്‍ വിചാരിക്കുന്നു എനിക്ക് അദ്ദേഹത്തിന് ഒരു പങ്കാളിയെ കണ്ടെത്തിക്കൊടുക്കാന്‍ സാധിക്കുമെന്ന്' ട്രംപ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ട്രംപ് ആദ്യം കരുതിയത് മോദി സിംഗിള്‍ ആണെന്നാണ്. 2017ല്‍ മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ചോദിച്ചു, മോദി അദ്ദേഹത്തിന്റെ ഭാര്യയെ കൊണ്ടു വരുന്നുണ്ടോ എന്ന്. അപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ മറുപടി അദ്ദേഹം വര്‍ഷങ്ങളായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയാണെന്നാണ്. അപ്പോള്‍ ട്രംപ് പറഞ്ഞ തമാശ, 'ഓ അങ്ങിനെയെങ്കില്‍ ആരെയെങ്കിലും സെറ്റ് ചെയ്ത് കൊടുക്കാം' എന്നാണെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.നരേന്ദ്ര മോദി വിവാഹിതനാണെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ പോലും പറയാറില്ല. മോദിയുടെ ഭാര്യ യെശോദാബെന്‍ ഇപ്പോഴും ഗുജറാത്തിലുണ്ട്. 66 കാരിയായ അവര്‍ ഒരു റിട്ടയേഡ് സ്‌കൂള്‍ അധ്യാപികയാണ്. വളരെ ചെറു പ്രായത്തിലായിരുന്നു ഇവരുടെ വിവാഹം.
മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രംപ് ദക്ഷിണേഷ്യയുടെ ഭൂപടം വിശദമായി പഠിച്ചിരുന്നു. ഭൂട്ടാന്റെയും നേപ്പാളിന്റെയും പേരുകള്‍ ട്രംപ് തെറ്റായാണ് ഉച്ചരിച്ചത്. ഭൂട്ടാന്‍ എന്നതിന് ബട്ടന്‍ എന്നാണത്രെ ട്രംപ് ഉച്ചരിച്ചത്. ഭൂട്ടാനെയും നേപ്പാളിനെയും കുറിച്ച് ട്രംപിന് ധാരണയുണ്ടായിരുന്നില്ല. ഇരു രാജ്യങ്ങളും ഇന്ത്യയുടെ ഭാഗങ്ങളാണെന്നായിരുന്നു ട്രംപ് വിചാരിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.