റിയാദ് - സൗദിയില്‍ ടാക്‌സ് റിട്ടേണ്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെയും വാറ്റ് രജിസ്‌ട്രേഷന്‍ നടത്താന്‍ വൈകിയതിന്റയും നികുതി അടക്കാത്തതിന്റെയും പേരില്‍ വന്ന പിഴ ഒഴിവാക്കുന്നതിന് വ്യാപാരികള്‍ക്ക് നല്‍കിയ ഇളവ് കാലാവധി ഉപയോഗപ്പെടുത്താന്‍ ആഹ്വനം ചെയ്ത് ടാക്‌സ് ആന്റ് സകാത്ത് അതോറിറ്റി. വാറ്റ് രജിസ്‌ട്രേഷന്‍ നടത്താത്തതിന്റെയും വാറ്റ് അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെയും റിട്ടേണ്‍ സമര്‍പ്പിക്കാത്തതിന്റെയും പേരില്‍ വന്ന പിഴകളും ഇലക്ട്രോണിക് ബില്ലുകള്‍ നല്‍കാത്തതിനും മറ്റും ഫീല്‍ഡ് പരിശോധനാ ഉദ്യോഗസ്ഥര്‍ പിഴയിട്ടതുമെല്ലാം ഡിസംബര്‍ 31 വരെയുള്ള കാലാവധിക്കുള്ളില്‍ ശരിയാക്കുന്നതിനാണ് ടാക്‌സ് ആന്റ് സകാത്ത് അതോറിറ്റി ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്.
ഇളവ് ആനുകൂല്യം ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ വാറ്റ് രജിസ്‌ട്രേഷന്‍ നടത്തുകയും സകാത്ത് അതോറിറ്റിയിലേക്കു സമര്‍പ്പിക്കേണ്ട മുഴുവന്‍ രേഖകളും സമര്‍പ്പിക്കുകയും വാറ്റ് തുകയുടെ അടിസ്ഥാന തുക അടച്ചു തീര്‍ക്കുകയോ ഗഡുക്കളായി അടച്ചു തീര്‍ക്കാന്‍ ഇളവു കാലാവധി അവസാനിക്കുന്നതിനു മുമ്പായി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയില്‍ നിന്ന് അനുമതി കരസ്ഥമാക്കുകയോ ചെയ്തിരിക്കണം. ഇളവ് പ്രഖ്യാപിക്കുന്നതിനു മുമ്പ് അടച്ച പിഴക്കോ വാറ്റ് വെട്ടിപ്പുകളുടെ പേരില്‍ വന്ന പിഴക്കോ ഇളവു ലഭിക്കുകയില്ല. ടാക്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇളവ് അനുബന്ധ നിയമങ്ങളും വ്യവസ്ഥകളും പൂര്‍ണമായി വായിക്കാന്‍ നികുതിദായകരോട് അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 199993 എന്ന നമ്പറില്‍ അതോറിറ്റി ഉദ്യോഗസ്ഥനുമായി സംസാരിക്കാം.