തിരുവനന്തപുരം- പ്രതിവര്‍ഷം ഒന്നര ദശലക്ഷം സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്യുന്ന 69 പുതിയ പ്രതിവാര ഫ്‌ളൈറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. 2024 ഫെബ്രുവരി മുതല്‍ ബംഗളൂരു, കൊല്‍ക്കത്ത, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, തിരുച്ചിറപ്പള്ളി, ന്യൂഡല്‍ഹി, അമൃത്സര്‍, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്നാണു പുതിയ സര്‍വീസുകള്‍ നടത്തുക.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 2023 ഡിസംബര്‍ ഒന്നു മുതല്‍ മലേഷ്യയിലേക്കുള്ള 30 ദിവസത്തെ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചതോടെ ടൂറിസ്റ്റുകളുടെ വന്‍ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉപയോഗപ്പെടുത്താനാണ് സര്‍വീസില്‍ വര്‍ധനവ് വരുത്തിയത്.
മലേഷ്യയ്ക്ക് പുറമെ തായ്ലന്‍ഡിലെയും വിയറ്റ്‌നാമിലെയും സര്‍ക്കാരുകള്‍ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എയര്‍ ഏഷ്യയുടെ ഫ്‌ളൈ- ത്രൂ സര്‍വീസ് വഴി മറ്റ് ആസിയാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും ക്വാലാലംപൂരിലേക്ക് നേരിട്ട് യാത്ര ചെയ്യാനും ബാങ്കോക്ക്, ഫുക്കറ്റ്, ഹനോയ്, ഹോ ചി മിന്‍, സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണക്റ്റ് ചെയ്യാനും സഹായിക്കും.