Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് തോറ്റെങ്കിലും ഇന്ത്യാ മുന്നണിക്ക് പ്രതീക്ഷ നൽകുന്ന ഫലം

ന്യൂദൽഹി- അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഫലം വന്ന നാലു സംസ്ഥാനങ്ങളിൽ മൂന്നിടത്തും കോൺഗ്രസ് പരാജയപ്പെട്ടെങ്കിലും ഇന്ത്യാ മുന്നണിക്ക് പ്രതീക്ഷക്ക് വക നൽകുന്ന ഫലമാണ് പുറത്തുവന്നത്. ബി.ജെ.പി മൂന്നു സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയെങ്കിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിക്ക് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത് മികച്ച വാർത്തകളാണ്. ഈ മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് 40 മുതൽ 48 ശതമാനം വരെയാണ് വോട്ടിംഗ് ഷെയർ. ഇന്ത്യാ മുന്നണിയിലെ കക്ഷികൾ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്നാൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയും. തെലങ്കാനയിൽ 13 ശതമാനത്തിനോട് അടുത്താണ് ബി.ജെ.പിയുടെ വോട്ട് ഷെയർ. 
അതേസമയം, കോൺഗ്രസിന് ഇനിയും തിരിച്ചുവരാനുള്ള ശേഷിയുണ്ടെന്നാണ് ഫലം തെളിയിക്കുന്നത്. മധ്യപ്രദേശ് ഒഴികെ രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വോട്ട് ഷെയറിൽ കുറഞ്ഞ വ്യത്യാസം മാത്രമാണുള്ളത്. കോൺഗ്രസ് ഭരിച്ചിരുന്ന ഛത്തീസ്ഗഢിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം നാലു ശതമാനം മാത്രമാണ്. കോൺഗ്രസിന് 42.12 ശതമാനവും ബി.ജെ.പിക്ക് 46.35 ശതമാനവുമാണ് വോട്ട് ലഭിച്ചത്. 
രാജസ്ഥാനിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ആകെയുള്ള വ്യത്യാസം രണ്ടു ശതമാനം മാത്രമാണ്. ബി.ജെ.പിക്ക് 41.77 ശതമാനം വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന് 39.52 ശതമാനം വോട്ടു ലബിച്ചു. ബി.എസ്.പിക്ക് 1.82 ശതമാനം വോട്ടാണ് ഇവിടെ ലഭിച്ചത്. തെലങ്കാനയിൽ കോൺഗ്രസിന് 39.57ശതമാനം വോട്ട് ലഭിച്ചു. ഭരണകക്ഷിയായിരുന്ന ബി.എച്ച്.ആർ.എസിന് 37.40 ശതമാനും ബി.ജെ.പിക്ക് 13.80 ശതമാനം വോട്ടും ലഭിച്ചു. മധ്യപ്രദേശിൽ 40.45 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. ഇവിടെ ബി.ജെ.പിക്ക് 48.69 ശതമാനം വോട്ടും ലഭിച്ചു. 

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന നാല് സംസ്ഥാനങ്ങളിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് പരജായപ്പെട്ടതിന് പിന്നാലെ ഇന്ത്യാ മുന്നണി യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ മാസം ആറിന് ദൽഹിയിലാണ് യോഗം. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ  ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടികൾ കോൺഗ്രസുമായി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും പ്രദേശിക നേതാക്കളുടെ പിടിവാശി കാരണം സഖ്യം സാധ്യമായിരുന്നില്ല. കോൺഗ്രസിന് സ്വന്തമായി ജയിക്കാനാകുമെന്നാണ് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും നേതാക്കൾ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഈ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ മുന്നണി യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, സമാജ് വാദി പാർട്ടി ഉൾപ്പെടെയുള്ളവർ ഇനി ഏത് രീതിയിലായിരിക്കും ഇന്ത്യ മുന്നണിയെ സമീപിക്കുക എന്നതും ചർച്ചയാണ്.
 

Latest News