ജയ്പൂർ- രാജസ്ഥാനിൽ ബി.ജെ.പിയുടെ അനായാസ വിജയത്തിലേക്ക് നയിച്ച ഘടകങ്ങളിൽ പ്രധാനപ്പെട്ടതായി ചൂണ്ടികാണിക്കുന്നത് കോൺഗ്രസിലെ ചേരിപ്പേരും. സച്ചിൻ പൈലറ്റ് ഘടകം കോൺഗ്രസിന്റെ പരാജയത്തിലേക്ക് നയിച്ചതായാണ് വിലയിരുത്തൽ. ഗുജ്ജർ സമുദായത്തിന് ആധിപത്യമുള്ള നിരവധി പോക്കറ്റുകളുള്ള കിഴക്കൻ രാജസ്ഥാനിൽ ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കിയെന്നാണ് ഇതുവരെയുള്ള ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. 2018ലെ കോൺഗ്രസിന്റെ വിജയത്തെത്തുടർന്ന് ഗുജ്ജർ നേതാവായ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതിൽ സമുദായം അസ്വസ്ഥരാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പു തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
2020ൽ പൈലറ്റിന്റെ നേതൃത്വത്തിൽ നടന്ന ഒരു കലാപം അശോക് ഗെലോട്ട് സർക്കാരിന് കനത്ത ഭീഷണി ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുകയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു. കോൺഗ്രസിന്റെ പ്രചാരണ വേളയിൽ ഭിന്നിപ്പുകൾ മറക്കണമെന്നും പാർട്ടിയെ പിന്തുണക്കണമെന്നും സച്ചിൻ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഫലപ്രദമായില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 11 കിഴക്കൻ രാജസ്ഥാൻ ജില്ലകളിലെ 59 അസംബ്ലി സീറ്റുകളിൽ 38ലും ബി.ജെ.പി വിജയിച്ചു. 2018നെ അപേക്ഷിച്ച് കുറഞ്ഞത് 20 സീറ്റെങ്കിലും അധികം നേടി. കോൺഗ്രസിന് ഇത്തവണ 59ൽ 19 സീറ്റുകളിൽ മാത്രമേ വിജയിച്ചുള്ളൂ.
പടിഞ്ഞാറൻ രാജസ്ഥാനിലേക്ക് നോക്കുമ്പോൾ, കഴിഞ്ഞ തവണ കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്ന ജയ്‌സാൽമീർ, ബിക്കാനീർ, ബാർമർ തുടങ്ങിയ ജില്ലകളിലും കാവിക്കടലായി.
സർദാർപുരയിൽ മുഖ്യമന്ത്രി ഗെഹ്‌ലോട്ട് 26,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നിട്ട് നിൽക്കുന്നത്. അദ്ദേഹത്തിന്റെ ബദ്ധവൈരിയായ സച്ചിൻ പൈലറ്റും ഏകദേശം 30,000 വോട്ടിന്റെ ലീഡുമായി വിജയത്തിലാണ്. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ തുടർച്ചയായി അഞ്ചാം തവണയും തന്റെ മണ്ഡലമായ ജല്രാപട്ടനിൽ വിജയിച്ചു.