തായിഫ്- മകന്റെ വിവാവഹത്തിനായി നാട്ടില്‍ പോകാനിരിക്കെ വാഹനാപകടത്തില്‍ മരിച്ച കര്‍ണാടക കരിംഖാന സ്വദേശി കിഡ് ല ഇസ്മായിലിന്റെ മൃതദേഹം (58) നടപടികള്‍ പൂര്‍ത്തിയാക്കി തായഫില്‍ ഖബറടക്കി.
സൈക്കിളില്‍ സഞ്ചരിക്കുേമ്പാള്‍ സിന്ധി സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ഇദ്ദേഹത്തെ കാറിടിക്കുകയായിരുന്നു. ഉടന്‍ തായിഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
കെ.എം.സി.സി പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് അഞ്ച് ദിവസത്തിനുശേഷം തായഫില്‍ മറവുചെയ്തത്. ബന്ധുക്കളെ കണ്ടെത്തുന്നതുവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ വാഹനം കയറി നശിച്ചിരുന്നതിനാല്‍ സ്‌പോണ്‍സറേയോ കൂടെ ജോലി ചെയ്യുന്നവരേയോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
മരണം നടന്ന് മൂന്നാം ദിവസം തായിഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും കോണ്‍സുലേറ്റ് കമ്യൂനിറ്റി വെല്‍ഫെയര്‍ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സാലിഹുമായി കിങ് ഫൈസല്‍ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ട് അവകാശികളെ കണ്ടെത്താത്ത ഇന്ത്യക്കാരന്റെ മൃതദേഹത്തെ കുറിച്ച് വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളെയും സ്‌പോണ്‍സറെയും കണ്ടെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
32 വര്‍ഷമായി തായിഫിലെ സാമി ബിന്‍ മുഹമ്മദ് സാഫി എസ്റ്റാബ്ലിഷ്‌മെന്റില്‍ ജോലി ചെയ്യുന്ന ഇസ്മായില്‍ അഞ്ചു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. ഈ മാസം മകെന്റ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന മകനും ഒരു മകളുമടങ്ങിയതാണ് കുടുംബം.