ഹൈദരാബാദ് - രേവന്ത് റെഡ്ഡി എന്ന ചെറുപ്പക്കാരന്റെ വ്യകതി പ്രഭാവം ഉണ്ടായിരുന്നില്ലെങ്കില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമായിരുന്നില്ല. ഭാരത് രഷ്ട്രസമിതി എന്ന പാര്‍ട്ടിയിലൂടെ തെലങ്കാനയുടെ എല്ലാമായിരുന്ന ചന്ദ്രശേഖര റാവുവിനോട് ഒറ്റയ്ക്ക് പോരിനിറങ്ങാന്‍ കാണിച്ച ചങ്കൂറ്റം മാത്രം മതി ഈ ചെറുപ്പക്കാരനെ രാഷ്ട്രീയമായി അടയാളപ്പെടുത്താന്‍. രേവന്ത് റെഡ്ഡി കോണ്‍ഗ്രസിനെ മുന്നില്‍നിന്നും നയിച്ചതോടെ തെരഞ്ഞെടുപ്പില്‍ കെ സി ആറിന്റെ പാര്‍ട്ടിക്ക് അടിതെറ്റുകയായിരുന്നു. കെ സി ആര്‍ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. നിയമസഭാ പോരാട്ടത്തില്‍ കാമറെഡ്ഢി മണ്ഡലത്തില്‍ കെ സി ആറിനെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും രേവന്ത് റെഡ്ഡി കാണിച്ചു. തെലുങ്കുദേശം പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയ തന്ത്രം പഠിച്ചിറങ്ങിയ രേവന്ത് റെഡ്ഡി 2017ല്‍ കോണ്‍ഗ്രസിലേക്ക് എത്തുമ്പോള്‍ തന്റെ തുടര്‍ഭരണത്തിന് രേവന്ത് ഒരിക്കല്‍ തടയിടാനെത്തുമെന്ന് കെ സി ആര്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ ഉത്തംകുമാര്‍ റെഡ്ഡി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡിയുടെ വരവ്. അധ്യക്ഷ പദവിയും വഹിച്ച് നേതൃസ്ഥാനത്തിരിക്കാന്‍ മാത്രമല്ല ജനങ്ങള്‍ക്കൊപ്പവും തെരുവിലിറങ്ങി പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ റെഡ്ഡി തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ ജനകീയ മുഖമായി മാറി. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം ഉറപ്പായതോടെ റോഡ് ഷോയുമായാണ് രേവന്ത് റെഡ്ഡി വിജയം പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷമാക്കിയത്. രാവിലെ മുതല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം തുടര്‍ന്നതോടെ രേവന്ത് റെഡ്ഡിയുടെ വസതിക്ക് മുന്നിലും തെലങ്കാനയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷമാരംഭിച്ചിരുന്നു. ഇതിനുപിന്നാലെ വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് വിജയാഹ്ലാദം രേവന്ത് റെഡ്ഡി പങ്കുവെച്ചത്.