ബി.ജെ.പി ദേശീയ ക്യാമ്പിന് തുടക്കത്തിൽ അത്ര തൃപ്തി വന്നില്ലെങ്കിലും ജനഹൃദയങ്ങളിൽ ശിവരാജ് സിംഗ് ചൗഹാനുള്ള വർധിച്ച ജനപിന്തുണ ആവർത്തിച്ചുറപ്പിക്കുന്നതാണ് മദ്ധ്യപ്രദേശിലെ ബി.ജെ.പിയുടെ ഭരണത്തുടർച്ച. കോൺഗ്രസിനെ ബഹുദൂരം പിറകിലാക്കിയുള്ള ഈ മുന്നേറ്റം ബി.ജെ.പിക്ക് മേൽക്കൈ പ്രവചിച്ച പ്രവചനസിങ്കങ്ങൾ പോലും കണ്ടില്ല. ഒരുവേള നരേന്ദ്ര മോഡിക്കു പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എൽ.കെ അദ്വാനിയെ പിന്തുണക്കുന്ന ഒരു വിഭാഗം വളരെ നേരത്തെ മനസ്സിൽ കരുതിയ ഈ നേതാവിനെ അവഗണിക്കാനും മൂലക്കിരുത്താനും ഇത്തവണ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിക്കുമ്പോൾ ചില നേതാക്കളുടെ മനസ്സിലുണ്ടായിരുന്നു. അതിനാലാണ് ചൗഹാൻ അവസാന പട്ടികയിലായതും.
അപ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെ മൂന്ന് കേന്ദ്രമന്ത്രിമാരേയും ബി.ജെ.പി ദേശീയ ജനറൽസെക്രട്ടറി വിജയ വാർഗിയയെയും അഞ്ച് എം.പിമാരേയും കളത്തിലിറക്കാനും പാർട്ടി മറന്നില്ല. എന്നിട്ടും തനിക്കെതിരെയുള്ള നീക്കങ്ങളെല്ലാം ശ്രദ്ധിച്ച് പഴുതുകളെല്ലാം അടച്ച് വീണ്ടുമൊരു വിജയ തീരത്തേക്ക് എൻ.ഡി.എയെ നയിക്കാനായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ തന്ത്രങ്ങൾ. ഇനി തിളക്കമാർന്ന ഈ നേട്ടങ്ങൾക്ക് ചാലകശക്തിയായ ആളെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി വീണ്ടും നിയോഗിക്കുമോ എന്നാണ് അറിയേണ്ടത്.
2018-ൽ കോൺഗ്രസിലെ കമൽനാഥിന്റെ വെറും 18 മാസത്തെ ഭരണ ഇടവേള മാറ്റിനിർത്തിയാൽ തുടർച്ചയായി അഞ്ചാം തവണയാണ് ബി.ജെ.പി മദ്ധ്യപ്രദേശിൽ അധികാരം നുണയാനിരിക്കുന്നത്. ഇതിൽ രണ്ടേ രണ്ടുവർഷം ഉമാഭാരതിയും ബാബുലാൽ ഗൗറും മുഖ്യമന്ത്രിസ്ഥാനം പങ്കിട്ടത് പരിഗണിച്ചാൽ ബാക്കിയുള്ള 18 വർഷവും അധികാരച്ചെങ്കോൽ ശിവരാജ് സിങ് ചൗഹാനിലായിരുന്നു. ആ ഒരു വിശ്വാസ്യത ഇത്തവണയും പാർട്ടി അദ്ദേഹത്തെ ഏൽപ്പിച്ചാൽ 23 വർഷം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാനുള്ള നിയോഗമാവുമത്്.
ഒ.ബി.സിക്ക് ഭൂരിപക്ഷമുള്ള മദ്ധ്യപ്രദേശിൽ ജാതി സെൻസസ് വാഗ്ദാനവുമായി കോൺഗ്രസ് ചുവടുറപ്പിച്ചപ്പോൾ ബി.ജെ.പിക്ക് അതിനെ മറികടക്കാൻ വലിയ ഇന്ധനമായത് ഒ.ബി.സി നേതാവായ ചൗഹാനിലെ മുഖ്യമന്ത്രിയാണ്. കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിക്കിടയിലും സംസ്ഥാനത്ത് 160-ലേറെ കൂറ്റൻ റാലികളിൽ നിറസാന്നിധ്യമാകാനും ജനപ്രിയ പക്ഷത്ത് തന്റെ സർക്കാർ ഉണ്ടെന്ന് സ്ഥാപിക്കാനും അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. 1,250 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന 'ലാഡ്ലി ബഹൻ' അടക്കമുള്ള സ്ത്രീപക്ഷ വാഗ്ദാനങ്ങൾ വോട്ടർമാരിൽ ഏറെ ചലനമുണ്ടാക്കിയെന്നാണ് ഫലം തെളിയിക്കുന്നത്. ഈ പദ്ധതിയിലൂടെ 1.30 കോടി പേർക്കാണ് അദ്ദേഹം സഹായം എത്തിച്ചത്. 450 രൂപയ്ക്ക് ഗ്യാസ് സിലിൻഡറുകൾ നൽകിയതും 30 ലക്ഷം ജൂനിയർ ലെവൽ ജീവനക്കാരുടെ ശമ്പളവും അങ്കൺവാടി പ്രവർത്തകരുടെ പ്രതിഫലം കൂട്ടിയതുമെല്ലാം വലിയൊരു വിഭാഗം വോട്ടർമാരെ ഒപ്പം നിർത്താനും ജനഹൃദയങ്ങളിൽ സ്വീകാര്യത വർധിപ്പിക്കാനും കാര്യങ്ങൾ എളുപ്പമാക്കി.
എങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്തിന് ചൗഹാൻ പ്രേമം ഇത്തവണ ഇച്ചിരി കുറവായതിനാൽ, അധികാരത്തുടർച്ച സാധ്യമാക്കിയ ശിവരാജ് സിംഗ് ചൗഹാനെ വീണ്ടും വാഴിക്കുമോ എന്നറിയാൻ ഔദ്യോഗിക പ്രഖ്യാപനം തന്നെ ശരണം. ജനങ്ങൾ വോട്ടു ചെയ്തത് മോഡിക്കാണെന്നു പറഞ്ഞ് തന്നിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമായില്ലെന്ന് കേന്ദ്രം നേതൃത്വത്തിന് കാണിച്ചുകൊടുത്ത ശിവരാജ് സിംഗിനെ വീണ്ടും നേതൃത്വം അംഗീകരിച്ചാൽ അത് അർഹതക്കുള്ള അംഗീകാരം മാത്രമാകും. അതുണ്ടായില്ലെങ്കിൽ ഹിന്ദി ഹൃദയ ഭൂമിയിൽ താമരക്കൃഷിക്ക് ഭാവിയിൽ വലിയ തിരിച്ചടിക്കുള്ള തുടക്കമാവുമെന്നുമാണ് അദ്ദേഹത്തെ പിന്തുണക്കുന്നവർ പറയുന്നത്.
പാർട്ടിയുടെ മിന്നുന്ന വിജയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമർപ്പിക്കുന്നുവെന്നാണ് ശിവരാജ് സിങ് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞത്. മോഡിയുടെ പൊതുറാലികൾ ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചുവെന്നും മോഡിയുടെ ഹൃദയത്തിൽ മദ്ധ്യപ്രദേശ് ഉണ്ടെന്നും തിരിച്ച് മദ്ധ്യപ്രദേശിന്റെ ഹൃദയത്തിൽ പ്രധാനമന്ത്രിയും ഉണ്ടെന്നും ചൗഹാൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കൃത്യമായി നടപ്പാക്കിയ ഇരട്ട എൻജിൻ സർക്കാറാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, എന്തു വിലകൊടുത്തും അധികാരം തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ പൂർണമായും വിശ്വാസത്തിലെടുക്കാൻ മദ്ധ്യപ്രദേശിലെ വോട്ടർമാർ തയ്യാറായില്ലെന്നു മാത്രമല്ല മുൻ സീറ്റുകൾ പോലും നിലനിർത്താൻ കോൺഗ്രസിനായില്ല എന്നതാണ് വാസ്തവം. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തിന് ബദലെന്നോണം മൃദുഹിന്ദുത്വ സമീപനവുമായി കമൽനാഥ് മദ്ധ്യപ്രദേശ് ജനതയെ കൈയിലെടുക്കാൻ ആവുംവിധം തന്ത്രങ്ങൾ പയറ്റിയെങ്കിലും ഉപ്പിനും പഞ്ചസാരക്കും ഒരേ ടേസ്റ്റെങ്കിൽ പിന്നെന്തിന് കോൺഗ്രസ് എന്നൊരു മറു ചോദ്യത്തിലൂടെ അവർ താമരക്കൃഷിയിൽ തന്നെ വീണ്ടും അഭയം കണ്ടെത്തുകയായിരുന്നു.
ഒപ്പം, ഭരണവിരുദ്ധ വികാരം മുതലെടുക്കുന്നതിന് പകരം കമൽനാഥിന്റെ അമിത ആത്മവിശ്വാസവും കോൺഗ്രസിന് തിരിച്ചടിയായി. ഇന്ത്യ മുന്നണിയിലെ യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി 45 സീറ്റുകളിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി 68 സീറ്റുകളിലും സംസ്ഥാനത്ത് ഒറ്റയ്ക്ക് ശക്തി പരീക്ഷിക്കാൻ ഇടയാക്കിയ രാഷ്ട്രീയ സാഹചര്യങ്ങളും ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കി. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെല്ലാം സംഘപരിവാറിന് കനത്ത തിരിച്ചടിയുണ്ടാകേണ്ട നിർണായക ഒരു ഘട്ടത്തിൽ പോലും തെലങ്കാനയിലെ ഒരേയൊരു ആശ്വാസം മാത്രം മാറ്റിനിർത്തിയാൽ കോൺഗ്രസിന് മുൻ സീറ്റുകൾ പോലും നിലനിർത്താനായില്ലെന്ന അത്യന്തം ദയനീയ ചിത്രമാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സഞ്ചരിച്ച 21 മണ്ഡലങ്ങളിൽ 16ലും ഫലം കോൺഗ്രസിനെ തുണച്ചില്ലെന്നതും മദ്ധ്യപ്രദേശിലെ ആദ്യഘട്ട ഫലസൂചനകളിൽ വ്യക്തം.