ഭോപ്പാൽ - കോൺഗ്രസ് സ്വപ്‌നങ്ങൾക്ക് കടുത്ത പ്രഹരമേൽപ്പിച്ച് മദ്ധ്യപ്രദേശ് വീണ്ടും താമരക്കൃഷിക്ക് അനുകൂലം. ആകെയുള്ള 230 സീറ്റിൽ 150-ലേറെ സീറ്റുകളിൽ ആധിപത്യം ഉറപ്പിച്ചാണ് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ മുന്നേറ്റം.
വോട്ടെണ്ണൽ ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 152 സീറ്റുകളിലാണ് ബി.ജെ.പി കുതിപ്പ് തുടരുന്നത്. കോൺഗ്രസ് 77 സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി ഓഫീസുകളിലെല്ലാം ആഹ്ലാദപ്രകടനങ്ങൾ തിരതല്ലുകയാണ്.
ബുധിനിയിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നർസിങ്പൂരിൽ കേന്ദ്രമന്ത്രി പ്രഹഌദ് സിങ് പട്ടേലും ഇൻഡോർ ഒന്നിൽ ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയും ലീഡ് ചെയ്യുമ്പോൾ അഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയയിൽ പിറകിലാണ്. എന്നാൽ, കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ കമൽനാഥ് പിറകിൽ പോയെങ്കിലും ഇപ്പോൾ ലീഡ് തിരിച്ചുപിടിച്ചു. എങ്കിലും സ്ഥിരതയാർന്ന പ്രകടനത്തിലേക്ക് ഉയർത്തിയിട്ടില്ല.
എക്‌സിറ്റ് പോളുകൾ ബി.ജെ.പിക്ക് മേൽക്കൈ പ്രവചിച്ചപ്പോഴും വോട്ടെണ്ണൽ തുടങ്ങി ബി.ജെ.പി മുന്നേറ്റം തുടങ്ങിയപ്പോൾ പോലും ആത്മവിശ്വാസം കൈവിടാൻ കമൽനാഥ് തയ്യാറായിരുന്നില്ല. എനിക്ക് അത്തരമൊരു കുതിപ്പ് കാണാനാകുന്നില്ലെന്നും ജനങ്ങൾ തങ്ങളെ കൈവിടില്ലെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് അദ്ദേഹം പങ്കുവെച്ചിരുന്നത്. 'താൻ ഒരു ട്രെൻഡും കണ്ടില്ല. രാവിലെ 11 വരെയുളള ഫലം നോക്കേണ്ടതില്ല. വളരെ ആത്മവിശ്വാസമുണ്ട്. വോട്ടർമാരെ വിശ്വസിക്കുന്നുവെന്നുമാണ്' കമൽനാഥിന്റെ പ്രതികരണം. ബി.ജെ.പിയോട് കട്ടക്കു നിൽക്കാൻ മൃദുഹിന്ദുത്വം അടക്കം ചുമന്നാണ് കമൽനാഥ് പാർട്ടിയെ മുന്നോട്ടു നയിക്കാൻ ശ്രമിച്ചത്. പക്ഷേ, അതൊന്നും ഫലം കണ്ടില്ലെന്നു വേണം കരുതാൻ.
അതേസമയം, മദ്ധ്യപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ പാർട്ടി വീണ്ടും അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. ജനങ്ങളുടെ ആശീർവാദവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വവും കാരണം മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കും. ബി.ജെ.പിയുടെ എല്ലാ സ്ഥാനാർത്ഥികൾക്കും വോട്ടർമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.
ബി.ജെ.പിയുടെ ഹാട്രിക് നേട്ടത്തിന് അന്ത്യം കുറിച്ച് 2018-ൽ കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് 18 മാസം അധികാരത്തിലേറിയത് ഒഴിച്ചാൽ രണ്ട് പതിറ്റാണ്ട് കാലമായി ബി.ജെ.പിയുടെ കരങ്ങളിൽ ഭ്രദമാണ് മദ്ധ്യപ്രദേശ് രാഷ്ട്രീയം. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കളെ കാവി പാളയത്തിൽ എത്തിച്ച് ബി.ജെ.പി ഭരണം തിരിച്ചുപിടിച്ച മദ്ധ്യപ്രദേശിൽ അത്ഭുദങ്ങളൊന്നും പുറത്തെടുക്കാൻ കോൺഗ്രസിനാകുന്നില്ലെന്നാണ് ഇതുവരെയുമുള്ള ട്രെൻഡുകൾ നൽകുന്ന സൂചന.