Sorry, you need to enable JavaScript to visit this website.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തല്‍ സാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യുദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്താനുള്ള നീക്കം ബി.ജെ.പി നടത്തുന്നതായുള്ള റിപോര്‍ട്ടുകള്‍ക്കു പിന്നാലെ ഇതു സാധ്യമല്ലെന്നു വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ രംഗത്തെത്തി. ഭരണഘടനാ ഭേദഗതിയും നിയമപരമായ ചട്ടക്കൂടും ഇല്ലാതെ ഒറ്റത്തെരഞ്ഞെടുപ്പു നടത്തുക സാധ്യമല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഭരണഘടന ഭേദഗതി ചെയ്യാതെ തെരഞ്ഞെടുപ്പു ഓന്നിച്ചു നടത്താന്‍ വേണ്ടി നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാനോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനോ കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞു.

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പു എന്ന ആശയം സംബന്ധിച്ച് കമ്മീഷന്‍ 2015ല്‍ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. രാജ്യമൊട്ടാകെ ഒറ്റത്തെരഞ്ഞെടുപ്പ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും റാവത്ത് ചൂണ്ടിക്കാട്ടി. പൂര്‍ണമായും വിവി പാറ്റ് മെഷീനുകള്‍ നടപ്പിലാക്കുന്നതു പോലുള്ള ക്രമീകരണങ്ങള്‍ക്ക് തടസ്സങ്ങളുണ്ട്. കൂടാതെ പോലീസ്, തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനങ്ങളും അധികമായി വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങി 11 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭയ്‌ക്കൊപ്പം നടത്താന്‍ ബി.ജെ.പി ശ്രമങ്ങളാരംഭിച്ചാതയാണ് റിപോര്‍ട്ടുണ്ടായിരുന്നത്. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയമ കമ്മീഷനു കത്തു നല്‍കുകയും ചെയ്്തിരുന്നു. ചില സംസ്ഥാനങ്ങളിലെ നിയമസഭകള്‍ കാലാവധി വെട്ടിച്ചുരുക്കി പിരിച്ചു വിട്ടും നേരത്തെ കാലവധി തീരുന്ന നിയമസഭകള്‍ പിരിച്ചു വിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയും അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഇവിടങ്ങളില്‍ ഒന്നിച്ചു തെരഞ്ഞെടുപ്പു നടത്താനാണു ബി.ജെ.പി ശ്രമം.
 

Latest News