ചെന്നൈ -ബംഗാള്‍ ഉള്‍ക്കടലില്‍ മിഷോങ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം ജാഗ്രത പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് മെസേജ് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രയിലാണ് തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങള്‍. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയായിരുന്നു. മ്യാന്മാര്‍ നിര്‍ദ്ദേശിച്ച മിഷോങ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. തിങ്കളാഴ്ച രാവിലെയോടെ തെക്കന്‍ ആന്ധ്രാപ്രദേശ്/വടക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കന്‍ ആന്ധ്രാ തീരത്തിന് സാമാന്തരമായി സഞ്ചരിച്ചു ഡിസംബര്‍ 5ന് രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.