റായ്പൂര്‍- തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ആദ്യ പ്രവണതകള്‍ മുതല്‍ കോണ്‍ഗ്രസിന് തന്നെയായിരുന്നു മുന്നേറ്റം. ഇടയ്ക്ക് ചില സന്ദര്‍ഭങ്ങളില്‍ ബി. ജെ. പി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും കോണ്‍ഗ്രസിന്റെ വ്യക്തമായ മേല്‍ക്കൈയുണ്ടായിരുന്നു.
രാവിലെ എട്ടരയോടെ തന്നെ ഛത്തീസ്ഗഡിലെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ന്നിരുന്നു. മുഖ്യമന്ത്രി ബാഗേല്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എങ്കിലും നിലവിലുള്ള സീറ്റുകളില്‍ കോണ്‍ഗ്രസിന് കുറവു വരുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഭിന്നിപ്പ് രൂക്ഷമായിരുന്ന കോണ്‍ഗ്രസിന് അധികാരം നഷ്ടമാവുമെന്നാണ് കരുതിയിരുന്നത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് പാര്‍ട്ടിയില്‍ പ്രധാന എതിരാളിയായിരുന്ന സംസ്ഥാന മന്ത്രി ടി. എസ്. സിംഗ് ദിയോയെ ഉപമുഖ്യമന്ത്രിയാക്കിയാണ് ഭിന്നതകള്‍ ഇല്ലാതാക്കിയത്.
കോണ്‍ഗ്രസിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ബി. ജെ. പിക്ക് സംസ്ഥാനത്ത് വലിയ നേതാക്കളെ അവതരിപ്പിക്കാനാവാതിരുന്നത് വിനയായി. 2018ലെ തെരഞ്ഞെടുപ്പിലാണ് ബി. ജെ. പി മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള നീണ്ട 15 വര്‍ഷത്തെ ഭരണം കോണ്‍ഗ്രസ് അവസാനിപ്പിച്ചത്.
ഛത്തീസ്ഗഡ് തൂത്തുവാരാന്‍ സാധിച്ചില്ലെങ്കിലും വ്യക്തമായ മുന്‍തൂക്കം കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് എല്ലാ എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്. എബിപി ന്യൂസ്- സി വോട്ടര്‍ ബി. ജെ. പിക്ക് 36- 48 സീറ്റുകളും കോണ്‍ഗ്രസിന് 41- 53 സീറ്റുകളും പ്രവചിച്ചപ്പോള്‍, ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ ബി. ജെ. പിക്ക് 36- 46 സീറ്റുകളും കോണ്‍ഗ്രസിന് 40- 50 സീറ്റുകളുമാണ് പ്രവചിച്ചത്.
ജന്‍ കി ബാത്ത് ബി.ജെ.പിക്ക് 34- 45 സീറ്റുകളും കോണ്‍ഗ്രസിന് 42- 53 സീറ്റുകളുമാണ് പറയുന്നത്. ചാണക്യ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിച്ചത്. കോണ്‍ഗ്രസിന് 57 സീറ്റുകളാണ് ചാണക്യയുടെ പ്രവചനം. ബി. ജെ. പിക്ക് 33 സീറ്റുകളും പറയുന്നു.