ഭോപ്പാൽ - മദ്ധ്യപ്രദേശിൽ വോട്ടെണ്ണൽ തുടരുമ്പോൾ ആകെയുള്ള 230 സീറ്റിൽ കേവല ഭൂരിപക്ഷത്തിന് മുകളിലുള്ള സീറ്റിൽ ലീഡ് ഉറപ്പിച്ച് ബി.ജെ.പി മുന്നേറ്റം. വോട്ടെണ്ണൽ ആദ്യ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ബി.ജെ.പി 140 സീറ്റുകളിലും കോൺഗ്രസ് 89 സീറ്റുകളിലും ഒരു സീറ്റിൽ സ്വതന്ത്രനുമാണ് മുന്നേറുന്നത്.
ആദ്യ ഘട്ടത്തിൽ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും പിന്നീട് അത്തരമൊരു പ്രകടനം പലേടത്തും നിലനിർത്താനാകാത്ത സ്ഥിതിയാണിപ്പോൾ കോൺഗ്രസിനുള്ളത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തുടർച്ച സാധ്യമാക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ തറപ്പിച്ചു പറയുമ്പോൾ അതിനാവശ്യമായ ലീഡ് നിലയാണിപ്പോൾ പുറത്തുവരുന്നത്. അപ്പോഴും ഫലം അവസാന ഘട്ടത്തിലെത്തുമ്പോൾ, മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. മദ്ധ്യപ്രദേശിൽ ഒന്നര പതിറ്റാണ്ടു കാലത്തെ ഇടവേളക്കു ശേഷമായിരുന്നു 2018-ൽ കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ, 18 മാസം പൂർത്തിയാകവെ 22 കോൺഗ്രസ് എം.എൽ.എമാരുടെ ചാഞ്ചാട്ടത്തോടെ കോൺഗ്രസിന് അധികാരം നഷ്ടമായി. തുടർന്ന് 2020 മാർച്ചിലാണ് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് വീണ്ടും പിടിമുറുക്കിയത്.