ഹൈദരാബാദ്- സ്വര്‍ണ്ണക്കടത്തുകാരുടെ ഓരോ തന്ത്രവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തകര്‍ക്കുമ്പോഴും പുതിയ പുതിയ തന്ത്രങ്ങളുമായി സ്വര്‍ണ്ണക്കടത്തുകാരെത്തുന്നു. പലപ്പോഴും സ്വര്‍ണം കടത്തുന്നതിനായി കള്ളക്കടത്ത് മാഫിയകള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ ആര്‍ക്കും യാതൊരുവിധ സംശയവും തോന്നാത്ത വിധം നടത്തിയ ഒരു സ്വര്‍ണകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഹൈദരബാദ് വിമാനത്താവളത്തിലാണ് സംഭവം, ഇവിടെ നിന്നും കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് സോപ്പ് പൊടിക്കുള്ളില്‍ കടത്തിയ 26 ലക്ഷം രൂപയുടെ സ്വര്‍ണമാണ്. സ്വര്‍ണ്ണം പൊടിച്ച് തരിതരികളാക്കിയ ശേഷം സോപ്പ് പൊടിയുമായി കലര്‍ത്തിയാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് ഹൈദരാബാദ് എയര്‍പോട്ടില്‍ വെച്ച് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ഡിറ്റര്‍ജന്റിനുള്ളില്‍ സൂക്ഷിച്ച സ്വര്‍ണം പിടികൂടിയത്.
26.6 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഈ രീതിയില്‍ കടത്താന്‍ ശ്രമം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ക്ലിപ്പില്‍, ഉദ്യോഗസ്ഥര്‍ പിടികൂടിയ ഡിറ്റര്‍ജന്റില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ച് എടുക്കുന്നത് കാണാം. പാക്കറ്റ് തുറന്ന് അതില്‍ നിന്നും അല്‍പ്പം ഡിറ്റര്‍ജന്റ് എടുത്ത് വെള്ളത്തില്‍ കലര്‍ത്തി ഇളക്കി. ഇതോടെ ഡിറ്റര്‍ജന്റ് അലിഞ്ഞ് തീരുകയും സ്വര്‍ണ്ണത്തരികള്‍ വേര്‍തിരിഞ്ഞ് വരുന്നു. ഇത്തരത്തില്‍ പല ഡിറ്റര്‍ജന്റ് പാക്കറ്റുകളിലാക്കിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഈ സ്വര്‍ണകടത്തിന് പിന്നില്‍ വലിയ മാഫിയാ സംഘങ്ങള്‍ തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദുബായില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന സ്വര്‍ണകടത്ത് ഇപ്പോള്‍ വര്‍ദ്ധിച്ചതായാണ് സമീപകാല വാര്‍ത്താ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഇതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കി.