ചെന്നൈ- ഡി.എം.കെ നേതാവ് കരുണാനിധിയുടെ സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി കെ പളനിസ്വാമി പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച നടന്‍ രജനികാന്തിനെതിരെ തമിഴനാട് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ. പാര്‍ട് ടൈം രാഷ്ട്രീയക്കാരനില്‍ നിന്നും മുഴുസമയ രാഷ്ട്രീയക്കാരനായി മാറുകയാണ് താനെന്നു തെളിയിക്കാന്‍ കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചിക്കാന്‍ ചേര്‍ന്ന പരിപാടിയെ രജനികാന്ത് മാറ്റിയെന്നും അണ്ണാ ഡിഎംകെ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് താന്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്ന് മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവ് ഡി ജയകുമാര്‍ പറഞ്ഞു. അനുശോചന യോഗത്തെ രജനികാന്ത് രാഷ്ട്രീയം പറയാന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ രാഷ്ട്രീയം പറഞ്ഞതോടെ തനിക്ക് രാഷ്ട്രീയ പക്വതയില്ലെന്ന് രജനികാന്ത് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കുരണാനിധി അനുശോചന യോഗത്തിലാണ് രജനി കരുണാനിധിയുടെ സംസ്‌കാര ചടങ്ങില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചത്.