കൊച്ചി- സർക്കാർ അഭിഭാഷകനായിരുന്ന പി.ജി മനു പ്രതിയായ ബലാൽസംഗ കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ചോറ്റാനിക്കര എസ്.എച്ച്.ഒ അടക്കം 6 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
യുവതി ചോറ്റാനിക്കര പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ അഡ്വ. മനു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ജാമ്യഹർജിയിൽ തീർപ്പുണ്ടായ ശേഷമേ പോലീസ് ഇയാൾക്കെതിരെ നടപടിയെടുക്കൂ. 2018 ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ അതിജീവിതയാണ് പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന പേരിൽ ഔദ്യോഗിക വാഹനത്തിൽ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങൾ കാണിച്ചും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.