ന്യൂദൽഹി- യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കുടുംബത്തിന് യമനിലേക്കോ അയൽരാജ്യങ്ങളിലേക്കോ പോകാൻ കഴിയമോയെന്ന കാര്യം ഈ മാസം നാലിനകം അറിയിക്കാൻ കേന്ദ്ര സർക്കാരിന് ദൽഹി ഹൈക്കോടതി നിർദേശം. നിമിഷപ്രിയയുടെ കുടുംബത്തിന് യമനിലേക്കോ മറ്റേതെങ്കിലും അയൽരാജ്യങ്ങളിലേക്കോ പോകാനും ബ്ലഡ് മണി നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനും കഴിയുമോയെന്നും ഈ മാസം നാലിനകം അറിയിക്കണമെന്ന് ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ ആവശ്യപ്പെട്ടു. നിമിഷപ്രിയയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ദൽഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ മുമ്പാകെ അടിയന്തര പരാമർശം നടത്തിയതോടെയാണ് വിഷയം ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറയുടെ ബഞ്ച് പരിഗണിച്ചത്. യമനിലേക്ക് പോകാനുള്ള കുടുംബത്തിന്റെ അപേക്ഷ കഴിഞ്ഞ ദിവസം സർക്കാർ തള്ളിയെന്നും മകളുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടക്കാമെന്നും നിമിഷ പ്രിയയുടെ മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രേമകുമാരി കോടതിയെ അറിയിച്ചു.